'450 പൊലീസുകാര്‍ വളഞ്ഞ് നില്‍ക്കുമ്പോള്‍ വലിയ കീച്ചാണ് കീച്ചുന്നത്'; കറുപ്പിട്ട് പരിഹസിച്ച് പിസി ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 02:01 PM  |  

Last Updated: 13th June 2022 02:01 PM  |   A+A-   |  

pc_george

പിസി ജോര്‍ജ്‌

 

കോട്ടയം: സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. മുഖ്യമന്ത്രിയുടെ സ്വര്‍ണ കള്ളക്കടത്തും, താന്‍ നടത്തിയതെന്നു പറയുന്ന ഗൂഢാലോചനയും ഒരേ തട്ടില്‍ കാണാനുള്ള ശ്രമം അപലപനീയമാണെന്നും പിസി ജോര്‍ജ് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചടങ്ങുകളില്‍ കറുപ്പ് ഇടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കറുത്ത ഷര്‍ട്ടിട്ട് കറുത്ത മാസ്‌കുമായാണ് പിസി ജോര്‍ജ് പത്രസമ്മേളനത്തിന് എത്തിയത്.

മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്ര. '450 പൊലീസുകാര്‍ വളഞ്ഞ് നില്‍ക്കുമ്പോള്‍ വലിയ കീച്ചാണ് കീച്ചുന്നത്- തകര്‍ത്തു കളയും. ഞാന്‍ ആരാണെന്ന് അറിയാമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ആരാണെന്നു ജനങ്ങള്‍ക്ക് മനസ്സിലായി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിസാരമായ ആരോപണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം.' - പിസി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷവും അങ്ങോളമിങ്ങോളം ഉയരുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎം എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. 'സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ ഇന്ത്യന്‍ പ്രസിഡന്റിനെ അടക്കം പരാതി ബോധിപ്പിക്കും. മുഖ്യമന്ത്രി സ്വപ്നയെ ഭയപ്പെടുന്നുണ്ട്. മുഖ്യമന്ത്രി രാജി വയ്ക്കണം. ചെറിയ പരാമര്‍ശം എതിരെ വന്നപ്പോള്‍ കരുണാകരന്‍ രാജി വച്ചു. ഹൈക്കോടതി ഒരു ശൈലി പറഞ്ഞപ്പോള്‍ത്തന്നെ കെഎം മാണി രാജിവച്ചു. ചെറിയ പരാമര്‍ശം ആയിരുന്നു അത്. അതാണ് കേരളത്തിന്റെ പാരമ്പര്യം. ആ സ്ഥാനത്താണ് പിണറായി വിജയന്‍ കടിച്ചു തൂങ്ങുന്നത്'- പിസി ജോര്‍ജ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല; ആരെയും വഴി തടയുന്നില്ല; മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ