രണ്ട് മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്?; ജയരാജന്‍ പറഞ്ഞത് പച്ചക്കളളം; വിഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 11:45 AM  |  

Last Updated: 14th June 2022 11:51 AM  |   A+A-   |  

satheesan

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

 

കൊച്ചി: വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനാണ് പിണറായി സര്‍ക്കാര്‍ വധശ്രമത്തിന് കേസ് എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പ്രതിഷേധം, പ്രതിഷേധം എന്നുമാത്രമാണ് അവര്‍ വിളിച്ചത്. ഹിറ്റ്‌ലറെക്കാള്‍, മോദിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിനെതിരെ കേസ് എടുത്തത്?. അതിന് ശേഷം അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്ത്?. ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിനകം വ്യക്തമായി. പ്രതിഷേധക്കാര്‍ മദ്യപിച്ച് ലക്കുകെട്ടാണ് മുഖ്യമന്ത്രിക്ക് നേരെ വന്നതെന്നാണ് ജയരാജന്‍ ആദ്യം പറഞ്ഞത്. അവരെ പരിശോധന നടത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ഇന്നലെ യഥാര്‍ഥത്തില്‍ മദ്യപിച്ചവരെ പോലെ പെരുമാറിയത് ജയരാജനാണ്. വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കുകയാണ് ചിലരെന്നും സതീശന്‍ പറഞ്ഞു.

വിമാനത്തില്‍ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവര്‍ത്തനം?. കേരളത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നത് സിപിഎം ആണ്. ആകാശത്തില്‍വച്ച് പ്രതിഷേധം എന്നുപറഞ്ഞാലും ഭൂമിയില്‍ വച്ച് പ്രതിഷേധം എന്നുപറഞ്ഞാലും ഒരുപോലെ തന്നെയാണ്. ഈ സിപിഎമ്മല്ലേ എകെ ആന്റണി മന്ത്രിസഭയിലെ കെവി തോമസിനെ കോഴിക്കോട് ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ തലയില്‍ കരിഓയില്‍ ഒഴിച്ചത്. വിമാനത്തില്‍ പ്രതിഷേധം എന്നുവിളിച്ചാല്‍ തെറ്റ്. ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ മന്ത്രിയുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചാല്‍ നല്ലത്. ഇവരുടെ വര്‍ത്തമാനം കേട്ടാല്‍ ലോകത്തില്‍ ആദ്യമായി നടക്കുന്ന സംഭവമാണ് ഇതെന്ന് തോന്നും. ഈ കുട്ടികളുടെ കൈയില്‍ വെടിയുണ്ടയൊന്നും ഉണ്ടായിരുന്നില്ല. വെടിയുണ്ടയുമായി നടന്നിരുന്നത് ആരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. രണ്ട് വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസാമിയ്ക്ക് നേരെ വിമാനത്തില്‍ പ്രതിഷേധമുണ്ടയാപ്പോള്‍ പ്രതിഷേധിച്ച യാത്രക്കാരനെ വിമാനക്കമ്പനി മൂന്ന് വര്‍ഷം വിലക്കിയപ്പോള്‍ അതിനെതിരെ സീതാറാം യെച്ചൂരി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധിച്ചതിനെതിരെ എടുത്ത നടപടി ജനാധിപത്യവിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. ആ പാര്‍ട്ടിയാണ് ഇതിനെ ഭീകരപ്രവര്‍ത്തനമെന്നു പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്തിയ മൂന്നാമന്‍ ഒളിവില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ