പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്തിയ മൂന്നാമന്‍ ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 11:12 AM  |  

Last Updated: 14th June 2022 11:12 AM  |   A+A-   |  

aeroplane_protest

വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ ഒളിവില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനീത് കുമാറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍ മൂന്നാം പ്രതിയാണ് മട്ടന്നൂര്‍ സ്വദേശിയായ സുനീത് കുമാര്‍. 

മുഖ്യമന്ത്രിക്കെതിരേ രണ്ടുപേര്‍ പ്രതിഷേധിക്കുന്നതിന്റെയും ഇവരെ ഇ പി ജയരാജന്‍ തള്ളിമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളാണ്. സംഭവത്തിനു പിന്നാലെ സുനിത് വിമാനത്താവളത്തിനു പുറത്തേയ്ക്കു പോയി. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മറ്റു രണ്ടു പ്രതികളായ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

വധശ്രമത്തിനു പുറമെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട്, മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. 

ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി  ഇൻഡിഗോ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി  വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. ഡിജിസിഎയെ വിവരങ്ങൾ ധരിപ്പിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോ പരിശോധിച്ചു വരികയാണ്.  അന്വേഷണത്തിനു ശേഷം യാത്രാവിലക്കിൽ തീരുമാനം എടുക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞുകൊണ്ടിരിക്കാന്‍ പറ്റില്ല; അടിച്ചാല്‍ ഇനി തിരിച്ചടി : കെ മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ