സാമുദായിക സൗഹാര്‍ദം തകര്‍ക്കരുത്; പള്ളി കമ്മറ്റികള്‍ക്ക് പൊലീസ് സര്‍ക്കുലര്‍; വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 11:32 AM  |  

Last Updated: 15th June 2022 11:34 AM  |   A+A-   |  

circular

മസ്ജിദ് കമ്മറ്റികള്‍ക്ക് നല്‍കിയ സര്‍ക്കുലര്‍

 

കണ്ണൂര്‍:  മുസ്ലീം പളളികളിലെ ജുമാ നമസ്‌കാരത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ പ്രകോപനം പാടില്ലെന്ന നിര്‍ദേശവുമായി പൊലീസ്. മയ്യില്‍ പൊലീസാണ് പഞ്ചായത്തിലെ വിവിധ പള്ളികളില്‍ സര്‍ക്കുലര്‍ നല്‍കിയത്. പ്രവാചകനിന്ദ ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലറെന്നാണ് പൊലീസ് വിശദീകരണം.

സര്‍ക്കുലറിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. ഇതിന് പിന്നാലെ സര്‍ക്കുലറില്‍ വീഴ്ചയുണ്ടായതായി എസ്എച്ച്ഒ പറഞ്ഞു. മഹല്ല് കമ്മറ്റികള്‍ക്ക് വാക്കാല്‍ നിര്‍ദേശത്തിനായിരുന്നു ഉത്തരവ്. സര്‍ക്കുലര്‍ ഇറക്കിയത് വീഴ്ചയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജില്ലാ പൊലീസ് കമ്മീഷണര്‍ എസ്എച്ച്ഒയോട് വിശദീകരണം തേടിയിട്ടുണ്ട്. 

'പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനു ശേഷം നടത്തിവരുന്ന മത പ്രഭാഷണങ്ങളില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചെന്ന വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടിസില്‍ പറയുന്നത്. മയ്യില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുള്ളത്.

മയ്യില്‍ പഞ്ചായത്തിന് കീഴിലുള്ള പള്ളികളിലാണ് സര്‍ക്കുലര്‍ നല്‍കിയത്. സര്‍ക്കുലറിനെതിരെ മുസ്ലീം ലീഗ്, എസ്ഡിപിഐ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുഖ്യമന്ത്രിയുടെ പതനം ആസന്നം; അക്രമം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരം: കെ സുധാകരന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ