നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്റെ അച്ഛന്റേയും അമ്മയുടേയും മൊഴിയെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 07:19 AM  |  

Last Updated: 16th June 2022 07:19 AM  |   A+A-   |  

kavya-story

ഫയല്‍ ചിത്രം

 

കൊച്ചി; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്‌ നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴിയെടുത്തു. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ്‌ നൽകിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ചായിരുന്നു ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.

കാവ്യമാധവന്റെ ഫോൺ നമ്പറിന്റേയും ബാങ്ക് ലോക്കറിന്റേയും വിവരങ്ങൾ തേടാനാണ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന്‌ ക്രൈംബ്രാഞ്ച്‌ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൊബൈൽ സേവന ദാതാക്കളിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച്‌ കാവ്യയുടെ അമ്മയുടെ പേരിലാണ്‌ സിം കാർഡ്‌ എടുത്തതെന്ന്‌ കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ്‌ ഇവരുടെ മൊഴിയെടുത്തത്. ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ്‌ മുമ്പ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്‌. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ്‌ ഈ നമ്പർ ഉപയോഗിച്ചാണ്‌ കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്. കാവ്യാ മാധവന്‌ കേസിൽ പങ്കുള്ളതായി ടി.എൻ. സുരാജ്‌ ദിലീപിന്റെ സുഹൃത്ത്‌ ശരത്‌ ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത്‌ പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ്‌ സബിതയെ ചോദ്യം ചെയ്തത്‌. 

ഈ വാര്‍ത്ത കൂടി വായിക്കാം 

നാല് വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു; അച്ഛൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ