മൂന്നുപേരുടെ സംശയാസ്പദ യാത്രയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി; തടയേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു: കോടിയേരി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th June 2022 10:38 AM  |  

Last Updated: 16th June 2022 10:38 AM  |   A+A-   |  

kodiyeri

കോടിയേരി ബാലകൃഷ്ണന്‍/ ഫയല്‍

 

തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യാത്ര തടയേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയ കാര്യം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അവരെ തടയേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. തടഞ്ഞിരുന്നെങ്കില്‍ ഇതിലും വലിയ വിവാദം ഉണ്ടാകുമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സി'ല്‍ സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ വിശദീകരണം.

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോകുന്നു എന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

മൂന്നുപേരുടേയും അവസാന നിമിഷത്തെ സംശയാസ്പദമായ യാത്രയെക്കുറിച്ച് ഇന്റലിജന്‍സ് ഉടന്‍ തന്നെ പൊലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍, പൊതു വാഹനത്തില്‍ നിന്ന് ഇവരെ തടയരുതെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. കോടിയേരി വ്യക്തമാക്കി. നേതാക്കളെയും പാര്‍ട്ടി ഓഫീസുകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു.

അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ആരും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുത്. അക്കാര്യത്തില്‍ ഞങ്ങള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019ലെ കേരള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് പേയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ആക്ടിന്റെ പരിധിയില്‍ പാര്‍ട്ടി ഓഫീസുകളെ ഉള്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് കണ്ണുരിൽനിന്നു തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഒരു ബാഗ് നിറയെ പണം കൈക്കൂലി നൽകി'- പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന; കെടി ജലീലിന് ബിനാമി ഇടപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ