ഫയൽ ചിത്രം
ഫയൽ ചിത്രം

'ഒരു ബാഗ് നിറയെ പണം കൈക്കൂലി നൽകി'- പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന; കെടി ജലീലിന് ബിനാമി ഇടപാട്

ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുറത്തുവന്ന സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങൾ. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ്‌ കോളജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടതായും കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കിയതായും സ്വപ്ന പറയുന്നു. കെടി ജലീലിനെതിരെ ബിനാമി ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. 

ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു പദ്ധതിയെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.

മിഡില്‍ ഈസ്റ്റ് കോളജിന് ഭൂമി ലഭ്യമാക്കുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നും സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകി. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്‍റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു.

നേരത്തെ ഈ കേസ് കസ്റ്റംസ് അന്വേഷിച്ചിരുന്നു. കോളജിന്റെ ഉടമകളെ അടക്കം വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ശ്രീരാമകൃഷ്ണനില്‍ നിന്ന് മൊഴിയെടുക്കുകയും ബാഗ് കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കോഴ നല്‍കിയെന്ന കണ്ടെത്തലിലേക്ക് കസ്റ്റംസ് പോയിരുന്നില്ല. കുറ്റപത്രം കോടതിയില്‍ നല്‍കിയപ്പോള്‍ ശ്രീരാമകൃഷ്ണന്റെ പങ്കും കസ്റ്റംസ് കണ്ടെത്തിയിരുന്നില്ല

കെടി ജലീലിനെതിരെ ബിനാമി ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. 

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com