സഹകരിക്കാന്‍ തല്‍ക്കാലം നിവര്‍ത്തിയില്ല; ഹരീഷ് പേരടിയുടെ വിലക്കില്‍ അശോകന്‍ ചരുവില്‍

ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വര്‍ഷങ്ങളായി
അശോകന്‍ ചരുവില്‍ - ഹരീഷ് പേരടി
അശോകന്‍ ചരുവില്‍ - ഹരീഷ് പേരടി


കൊച്ചി: കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് അശോകന്‍ ചരുവില്‍. ജനവിരുദ്ധമായി തീര്‍ന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ജനകീയ ബദല്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. ഈ ജനകീയ സര്‍ക്കാര്‍ രാജ്യം മുഴുവനുമുള്ള ജനാധിപത്യവാദികളുടേയും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും വലിയ പ്രതീക്ഷയാണ്. അതുപോലെ തന്നെ വര്‍ഗ്ഗീയ ഭീകര കേന്ദ്രഭരണകൂടത്തിന്റെ കണ്ണിലെ കരടുമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിനൊപ്പം പു ക സ ഇപ്പോള്‍ നിലയുറപ്പിക്കുന്നുവെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല തവണ പരാജയപ്പെട്ടിട്ടും ലജ്ജയില്ലാതെ ആ പ്രവര്‍ത്തനം അവര്‍ തുടരുന്നു. ആര്‍എസ്എസ് സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി സഹകരിക്കാന്‍ പു ക സ ക്ക് തല്‍ക്കാലം നിവര്‍ത്തിയില്ലെന്നും അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ,
പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രശസ്ത നടന്‍ ശ്രി.ഹരീഷ് പേരടിയെ ക്ഷണിച്ചുവെന്നും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി എന്നുമുള്ള പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നു. രാജ്യത്ത് ഇല്ലാത്തതു കൊണ്ട് ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിഞ്ഞിട്ടില്ല.
പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റാണ്. അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ വേദിക്കുന്നു. ശ്രി.പേരടിയോട് നിര്‍വ്യാജം മാപ്പു ചോദിക്കുന്നു.
അതേ സമയം ഇത്തരം നിര്‍ഭാഗ്യകരമായ സംഗതികള്‍ ഇടക്ക് ഉണ്ടാവാനുള്ള സംഗതികള്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. പു ക സ കേവലമായ ഒരു സാംസ്‌കാരിക സംഘടനയല്ല. കൃത്യമായ ലക്ഷ്യമുള്ള, നയവും പരിപാടിയുമുള്ള സംഘടനയാണ്. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി രാജ്യത്തെ മഹാന്മാരായ കലാകാരന്മാര്‍ രൂപീകരിച്ച പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗവും തുടര്‍ച്ചയുമാണത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് എതിരുനിന്ന ആരെയും ചില സംവാദപരിപാടികള്‍ക്കൊഴികെ അക്കാലത്ത് സഹയാത്രികരാക്കിയിട്ടില്ല.
ഇന്ന് പു ക സ പ്രവര്‍ത്തിക്കുന്നത് രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ വേണ്ടിയാണ്. സമ്രാജ്യത്തത്തിന്റെ ശിങ്കിടിയായി നിന്നുകൊണ്ട് ആര്‍.എസ്.എസ്. ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളികളെ നേരിടാനാണ്. ഈ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകരേയും കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരത്താനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്.
കോര്‍പ്പറേറ്റ് മൂലധനവും രാഷ്ട്രീയഹിന്ദുത്വവും നടത്തുന്ന ജനവേട്ടക്കെതിരെ വിവിധ മേഖലകളില്‍ നിരവധി പ്രതികരണങ്ങള്‍ രാജ്യത്ത് ഉണ്ടാവുന്നുണ്ട്. അതിനോടെല്ലാം കണ്ണിചേരാന്‍ പു ക സ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തോടൊപ്പം നില്‍ക്കുന്നവരുമായി സഹകരിക്കുക സാധ്യമല്ല.
ജനവിരുദ്ധമായി തീര്‍ന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ജനകീയ ബദല്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. ഈ ജനകീയ സര്‍ക്കാര്‍ രാജ്യം മുഴുവനുമുള്ള ജനാധിപത്യവാദികളുടേയും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും വലിയ പ്രതീക്ഷയാണ്. അതുപോലെ തന്നെ വര്‍ഗ്ഗീയ ഭീകര കേന്ദ്രഭരണകൂടത്തിന്റെ കണ്ണിലെ കരടുമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിനൊപ്പം പു ക സ ഇപ്പോള്‍ നിലയുറപ്പിക്കുന്നു.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും അവയുടെ നേതൃത്തത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളേയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധിക്കും. രാഹുല്‍ ഗാന്ധിക്കും എതിരായുള്ള നീക്കം അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല തവണ പരാജയപ്പെട്ടിട്ടും ലജ്ജയില്ലാതെ ആ പ്രവര്‍ത്തനം അവര്‍ തുടരുന്നു.
ആര്‍.എസ്.എസ്. സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി സഹകരിക്കാന്‍ പു ക സ ക്ക് തല്‍ക്കാലം നിവര്‍ത്തിയില്ല എന്ന വിവരം ഖേദത്തോടെ അറിയിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com