'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ'; ഹരീഷ് പേരടിയ്ക്ക് പിന്തുണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 11:52 AM  |  

Last Updated: 17th June 2022 11:52 AM  |   A+A-   |  

hareesh_peradi

ശാന്തകുമാറിനൊപ്പം ഹരീഷ് പേരടി

 


കോഴിക്കോട്: പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടന്‍ ഹരീഷ് പേരടി. എ ശാന്തകുമാര്‍ അനുസ്മരണ പരിപാടിയില്‍ നിന്നാണ് ഒഴിവാക്കിയത്. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. സര്‍ക്കാരിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കന്‍ കാരണമായതെന്ന് ഹരീഷ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കറുത്ത മാസ്‌ക് ധരിച്ച ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു. രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌ക്കും ധരിക്കുക...ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്, എന്ന കുറിപ്പോടെയായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ ഹരീഷിനെ വിമര്‍ശിച്ച് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഹരീഷിനെ വിലക്കിയ നടപടിക്കെതിരെ നടന്‍ രാജേഷ് ശര്‍മ ഉള്‍പ്പടെ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. 'സാരമില്ല പു ക സ അല്ലെ ഹരീഷേ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും അത് സ്വാഭാവികമാണ്. ശാന്തേട്ടന് ഓര്‍മപ്പൂക്കള്‍ എന്നായിരുന്നു രാജേഷിന്റെ വിമര്‍ശനം. 


ഹരീഷിന്റെ കുറിപ്പ്


ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു...ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു...പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു...പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ ...നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു ...ഇത് ആരെയും  കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ...'ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം'നാടകം-പെരുംകൊല്ലന്‍..

ഈ വാര്‍ത്ത കൂടി വായിക്കാം 

റോഡ് അടച്ചിട്ട് എസിപിയുടെ പ്രഭാത സവാരി; കമ്മീഷണര്‍ ഇടപെട്ടു, നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ