റോഡ് അടച്ചിട്ട് എസിപിയുടെ പ്രഭാത സവാരി; കമ്മീഷണര്‍ ഇടപെട്ടു, നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 10:17 AM  |  

Last Updated: 17th June 2022 10:17 AM  |   A+A-   |  

road_closed

പ്രതീകാത്മക ചിത്രം

 

കൊച്ചി: പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കൊച്ചി ഗോശ്രീ-ചാത്യാത്ത് റോഡിന്റെ ഒരു ഭാഗത്ത് ഗതാഗതം തടഞ്ഞ് പ്രഭാത സവാരി നടത്തിയ ട്രാഫിക് എസിപിയുടെ നടപടിയാണ് വിവാദമായത്. റോഡ് അടച്ചിട്ട് ട്രാഫിക് വെസ്റ്റ് എസിപി പ്രഭാത സവാരി നടത്തുന്നതായും ഇതു പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും പരാതി ഉയര്‍ന്നതോടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഇടപെട്ടത്. 

എസിപിക്ക് താക്കീത് നല്‍കിയ കമ്മീഷണര്‍, ഞായറാഴ്ച അതിരാവിലെ മാത്രം സൈക്കിള്‍ സവാരിക്കാര്‍ക്കായി റോഡിന്റെ ഒരു ഭാഗം അടച്ചിട്ടാല്‍ മതിയെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റോഡിന്റെ നടുക്ക് ട്രാഫിക് ബാരിയര്‍ വെച്ചാണ് ഗതാഗതം തടഞ്ഞത്. രാവിലെ അഞ്ചിനും ഏഴിനും ഇടയ്ക്കായിരുന്നു എസിപിയുടെ പ്രഭാത സവാരി. 

സ്‌കൂള്‍ ബസുകളെപ്പോലും പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും നടന്നെത്തേണ്ടി വന്നു. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണര്‍ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് കമ്മീഷണര്‍ എസിപിയോട് വിശദീകരണം തേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

നിരാശ വേണ്ട, വിനോദയാത്ര പോയി ആഘോഷിക്കാം; എസ്എസ്എല്‍സി തോറ്റവര്‍ക്കായി മാറാക്കര പഞ്ചായത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ