തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ 66കാരന്റെ മൃതദേഹം; തെങ്ങില്ലാത്തിടത്ത് കത്തിക്കരിഞ്ഞ ഓലയും, ദുരൂഹത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 02:37 PM  |  

Last Updated: 18th June 2022 02:37 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയ്കുമാറിന്റെ (66) മൃതദേഹമാണ് കണ്ടെത്തിയത്.  സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം.

ശനിയാഴ്ച രാവിലെ 10 മണിക്ക് ശേഷം മണ്ണാന്‍മൂല ഇരുമ്പനത്ത് ലൈനിലെ പറമ്പിലാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. 

മൃതദേഹം കിടന്ന സ്ഥലത്തിന്റെ സമീപത്തുള്ളയാള്‍ തന്റെ പറമ്പ് വൃത്തിയാക്കാന്‍ എത്തിയപ്പോളാണ് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ സ്ഥലം പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ് കിടപ്പുണ്ട്. എന്നാല്‍ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തൊന്നും തെങ്ങുകള്‍ ഇല്ല. ഇതും ദുരൂഹത ഉയര്‍ത്തുന്നതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം; സെക്കന്തരാബാദ് പ്രതിഷേധത്തിന്റെ ആസൂത്രകന്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ