'പൈസ ഇല്ലെങ്കിൽ എന്തിനാടാ... ഡോർ പൂട്ടിയിട്ടിത്'; കുറിപ്പെഴുതി വൈറലായ കള്ളൻ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 09:07 PM  |  

Last Updated: 18th June 2022 09:07 PM  |   A+A-   |  

thief_letter

കള്ളന്റെ കുറിപ്പ്/ സോഷ്യൽ മീഡിയ

 

കൽപ്പറ്റ: മോഷ്ടിക്കാൻ കയറി നിരാശ കുറിപ്പെഴുതി വൈറലായ കള്ളൻ ഒടുവിൽ പിടിയിലായി. മാനന്തവാടി പൊലീസാണ് കള്ളനെ പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ്‌ വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പ്രതി. കേരളത്തിലെ നിരവധി ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്.

കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിലാണ് കള്ളൻ കയറിയത്. ഒരു കടയിൽ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയിൽ നിന്ന് അഞ്ഞൂറു രൂപയും കള്ളനു കിട്ടി. പക്ഷേ, മൂന്നാമത്തെ കടയിൽ നിന്ന് കള്ളന് പണമൊന്നും കിട്ടിയില്ല. ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ചില്ല് പൊട്ടിച്ചാണ് കള്ളൻ അകത്തു കയറിയത്. 

കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളൻ ഒരു ജോഡി ഡ്രസ് മാത്രമെടുത്തു. പോകാൻ നേരം കള്ളൻ അവിടെ കിടന്ന ചില്ലു കഷണത്തിൽ പേന കൊണ്ട് കള്ളൻ ഇങ്ങനെ കുറിച്ചു. 'പൈസ ഇല്ലെങ്കിൽ എന്തിനാടാ... ഡോർ പൂട്ടിയിട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു'. കള്ളന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ