നാളത്തെ ഭാരതബന്ദ്: അക്രമങ്ങള്‍ അനുവദിക്കില്ല; കടകള്‍ അടപ്പിച്ചാല്‍ അറസ്റ്റ്; മുന്നറിയിപ്പുമായി ഡിജിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 02:21 PM  |  

Last Updated: 19th June 2022 02:23 PM  |   A+A-   |  

Anil Kant

അനില്‍ കാന്ത്/ടിവി ചിത്രം


തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍കാന്ത് നിര്‍ദേശിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
    
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും.

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡിഐജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

പ്രതിഷേധം തണുപ്പിക്കാന്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമോ?; രാജ്‌നാഥ് സിങ് വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ