ഗുരുവായൂരിൽ വിവാഹം നടത്താമെന്ന് ഉറപ്പ്, കല്യാണദിവസം യുവതിയെ ബസ് സ്റ്റാൻഡിൽ നിർത്തി മുങ്ങി; യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 10:58 AM  |  

Last Updated: 19th June 2022 10:58 AM  |   A+A-   |  

arrest

ഷിനോജ്

 

തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി യുവതികളെ വലയിൽ വീഴ്ത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തശേഷം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽവീട്ടിൽ ഷിനോജ് (35) ആണ് അറസ്റ്റിലായത്. വിവാഹമോചിതയായ പാലക്കാട് സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി വിളിച്ചുവരുത്തിയതാണ് അറസ്റ്റിലെത്തിച്ചത്. 

ഗുരുവായൂരിൽ പോയി വിവാഹം നടത്താമെന്ന് ഉറപ്പുനൽകിയശേഷം യുവതിയെ തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം സ്ത്രീയെ നിർത്തി മുങ്ങുകയായിരുന്നു യുവാവ്. യുവതി പരാതി നൽകിയതിനെത്തുടർന്നാണ് പ്രതി പിടിയിലായത്.

അരുൺ ശശി എന്ന പേരിലാണ് ഷിനോജ് ഫെയ്സ്ബുക്കിൽ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോൻ എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാർത്ഥപേരും വിലാസവും ആരോടും പറഞ്ഞിരുന്നില്ല. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും ഡൈവോഴ്‌സ് മാട്രിമോണി ഗ്രൂപ്പുകളിൽനിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയശേഷം ഇവരെ പരിചയപ്പെടും. സർക്കാർ ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞാണ് അടുക്കുന്നത്. വിവാഹത്തീയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വസിപ്പിക്കും. ഇതിനുശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് പതിവ്. 

പത്തുമാസം പ്രായമായ ഒരു കുട്ടിയുടെ അച്ഛനും വിവാഹബന്ധം വേർപെടുത്തിയയാളുമാണ് ഷിനോജ്. പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വയോധികന്‍ മരിച്ചനിലയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ