അവയവം മാറ്റിവയ്ക്കല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; വീഴ്ചയില്ലെന്ന് ഡോക്ടര്‍മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 02:10 PM  |  

Last Updated: 20th June 2022 02:11 PM  |   A+A-   |  

minister veena george

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശസ്ത്രക്രിയ വൈകിയതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ നില ഗുരുതരമായിരുന്നു. രോഗി വീട്ടില്‍ നിന്നും വരികയായിരുന്നു. ഇതിനാലാണ് കാലതാമസം ഉണ്ടായത്. എട്ടുമണിയോടെ തന്നെ ശസ്ത്രക്രിയ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 

വൃക്ക മാറ്റിവച്ച രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവമാറ്റം വൈകിയെന്ന് പരാതി. വൃക്ക മാറ്റിവച്ച രോഗി മരിച്ചു. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്നാണ് ആരോപണം. 

എറണാകുളത്തെ സ്വകാര്യ ആശൂപത്രിയില്‍ നിന്ന് അഞ്ചരയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക എത്തിച്ചത്. സര്‍ക്കാര്‍ വഴി നടക്കുന്ന മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ചതായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കുന്നതിനായാണ് വൃക്ക കൃത്യസമയത്ത് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിനും വൈകി. തുടര്‍ന്ന് രോഗി മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

54കാരനാണ് മരിച്ചത്. കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം പ്രാഥമിക  അന്വഷണത്തിന് ഉത്തരവിട്ടു. 

അതേസമയം കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

അനുനയ നീക്കം പരാജയം; തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ