അനുനയ നീക്കം പരാജയം; തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണന്‍

ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാട് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു
കുഞ്ഞികൃഷ്ണന്‍, പി ജയരാജന്‍/ ഫയല്‍
കുഞ്ഞികൃഷ്ണന്‍, പി ജയരാജന്‍/ ഫയല്‍

കണ്ണൂര്‍ : പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പരാജയപ്പെട്ടു. തന്റെ നിലപാടില്‍ മാറ്റമില്ല. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ കാര്യമായ ചര്‍ച്ചയൊന്നും നടന്നില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനാണ് അനുനയ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. തീരുമാനത്തില്‍ നിന്നും മാറണമെന്ന് പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചതായാണ് സൂചന. എന്നാല്‍ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍  ടി ഐ മധുസൂദന്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ ശക്തമായ നടപടി വേണമെന്ന് കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു. അതല്ലാതെ സിപിഎമ്മുമായി ഒരു സഹകരണത്തിനുമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 

ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടും ആവർത്തിച്ചു. പരാതിപ്പെട്ട കുഞ്ഞികൃഷ്ണനെ പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു. താൻ ആർക്കെതിരെയും പരാതി ഉന്നയിച്ചിട്ടില്ലെന്നും പാർട്ടി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി തിരിമറി പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നുവെന്നും കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു.

ഫണ്ട് തിരിമറിയുടെ പേരിൽ ആരോപണ വിധേയനായ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി ഐ മധുസൂദനൻ എംഎൽഎയെ  ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തുകയാണ് ചെയ്തത്. കെട്ടിട നിർമാണത്തിന്റെയും ധനരാജ് രക്തസാക്ഷി ഫണ്ടിന്റെയും കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ വീഴ്ച പറ്റിയതിന്റെ പേരിലാണ് മധുസൂദൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടപടിയെടുത്തതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. 

പരാതി നൽകിയ കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തതിൽ, പാർട്ടി പ്രവർത്തകർക്കിടയിൽ അടക്കം പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലായിരുന്നു സിപിഎമ്മിന്റെ അനുനയ നീക്കം. പ്രാദേശിക തലത്തിൽ ഏറെ ജനപിന്തുണയുള്ള നേതാവാണ് കുഞ്ഞികൃഷ്ണൻ. അച്ചടക്ക നടപടിക്ക് പിന്നാലെ പൊതുപ്രവർത്തനം നിർത്തുന്നു എന്ന കുഞ്ഞികൃഷ്ണന്റെ പ്രഖ്യാപനം പാർട്ടി നേതൃത്വത്തെയും ഞെട്ടിച്ചിരുന്നു. കുഞ്ഞികൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കുഞ്ഞികൃഷ്ണന് പകരം ടിവി രാജേഷ് എംഎൽഎയെക്കാണ് ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com