'ഒരാള്‍ കൂടി ഓട്ടോയില്‍ കയറി, വേഗത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു'; യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കില്ല

വിക്ടോറിയ കോളജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ലെന്ന് റിപ്പോര്‍ട്ട്
അനസ്‌, ഫിറോസ്
അനസ്‌, ഫിറോസ്

പാലക്കാട്: വിക്ടോറിയ കോളജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അനസിനെ അടിച്ചുകൊന്ന ഫിറോസ്, സഹോദരന്‍ കൂടിയായ റഫീക്കിനൊപ്പമാണ് ബൈക്കില്‍ സംഭവ സ്ഥലത്തെത്തിയത്. ബൈക്കില്‍ നിന്നിറങ്ങി അനസിനെ കൈയില്‍ കരുതിയിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഫിറോസ് അടിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം നടന്നത് റഫീക്കിന്റെ അറിവോടെയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നിയമോപദേശം തേടിയതായി പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ അനസ് നടന്നുവരുമ്പോള്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന ഫിറോസ് വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഫിറോസും ഒപ്പമുണ്ടായിരുന്ന റഫീക്കും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലക്കാട് നോര്‍ത്ത് പൊലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അന്വേഷണത്തില്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസിലായി. തുടര്‍ന്നാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫിറോസിനെ കസ്റ്റഡിലെടുത്തതെന്ന് പൊലീസ് പറയുന്നു. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈയ്ക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നുമാണ് ഫിറോസ് മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഏറ്റ പരിക്കാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്ന അനസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോയില്‍ കയറ്റുമ്പോള്‍ കടുത്ത ഛര്‍ദ്ദി ഉണ്ടായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഫിറോസ് ആവശ്യപ്പെട്ടു. ഫിറോസിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. രാവിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അനസ് മരിച്ചു എന്ന് മനസിലായത്. പിന്നാലെ ഫിറോസ് ഓട്ടോയില്‍ മറന്നുവെച്ചിരുന്ന ബാറ്റ് കണ്ടെത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തതായി ഓട്ടോ ഡ്രൈവര്‍ പറയുന്നു. അനസിനെ ആശുപത്രിയില്‍ എത്തിച്ചശേഷം പണം വാങ്ങാതെ മടങ്ങിയതായും അബ്ദുള്ള പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com