മത്സരയോട്ടത്തിന് പിടിവീഴും, നിർത്താതെ പോയാൽ വീട്ടിലെത്തും; 'ഓപ്പറേഷൻ റേസ്' ഇന്ന് മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2022 06:50 AM  |  

Last Updated: 22nd June 2022 06:50 AM  |   A+A-   |  

BIKE

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പിന്റെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'ഓപ്പറേഷൻ റേസ്' ഇന്ന് ആരംഭിക്കും.  കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കി. രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിർദേശം നൽകിയത്. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർധിച്ച് വരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം. 

കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസിൽ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നത്. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും.

ഈ വാർത്ത കൂടി വായിക്കാം

സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നില്‍; രഹസ്യമൊഴിയിൽ ചോദ്യം ചെയ്യും
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ