8 വര്‍ഷമായി സൂക്ഷിച്ച ഭ്രൂണം; 'ജീവിക്കാനുള്ള അവകാശം പരിഗണിക്കണം'; ഇടപെട്ട് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 08:44 AM  |  

Last Updated: 23rd June 2022 08:45 AM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍


കൊച്ചി: 8 വർഷമായി ആശുപത്രിയിൽ ഭ്രൂണം സൂക്ഷിക്കേണ്ടി വന്ന് സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി.  തുടർ ചികിത്സക്കായി ആശുപത്രിയിൽ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം മറ്റൊരു ആശുപത്രിയിലേക്കു കൈമാറാൻ കോടതി നിർദേശിച്ചു. 

ദമ്പതികളുടെ വന്ധ്യതാ ചികിത്സയുടെ ഭാഗമായിട്ടാണ് 8 വർഷം ഭ്രൂണം ആശുപത്രിയിൽ സൂക്ഷിച്ചത്.  കുഞ്ഞിനു ജന്മം നൽകുകയെന്ന ദമ്പതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി ചൂണ്ടിക്കാണിച്ചു. പെരുമ്പാവൂർ സ്വദേശികളായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. 

2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടികളില്ലാതെ വന്നതോടെ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി. ബീജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതൽ ശീതീകരിച്ചു സൂക്ഷിച്ചു. പക്ഷെ ഗർഭപാത്രത്തിനു വേണ്ടത്ര ശേഷി ഇല്ലെന്ന കാരണത്താൽ 2016ൽ ചികിത്സ നിർത്തി. എന്നാൽ സമാന ചികിത്സ നടത്തിയ ബന്ധുവിനു ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. ഇതോടെ ദമ്പതികൾക്കു വീണ്ടും പ്രതീക്ഷയായി. 

മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്താൻ ഭ്രൂണം കൈമാറണമെന്ന്  ദമ്പതികൾ ആവശ്യപ്പെട്ടു. എന്നാൽ 2022 ജനുവരിയിൽ നിലവിൽ വന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ആർട്) നിയന്ത്രണ നിയമം അനുസരിച്ച് ഭ്രൂണം കൈമാറുന്നത് അനുവദനീയമല്ലെന്നു മറുപടി കിട്ടിയതോടെയാണ് ഹർജി.

പരമാവധി 10 വർഷമാണു ഭ്രൂണം സംരക്ഷിക്കാൻ കഴിയുക. അതിൽ 8 വർഷം കഴിഞ്ഞതിനാൽ അനുമതി വൈകരുതെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ 2014 മുതൽ ഭ്രൂണം സൂക്ഷിച്ചതിന്റെ ചെലവ് ഹർജിക്കാർ നൽകണമെന്നും കോടതി നിർദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ ശേഖരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ