വിജയ് ബാബു രാജിവെക്കണം; 'അമ്മ' ക്ലബ്ബല്ല; ഇടവേള ബാബു മാപ്പുപറയണമെന്ന് ഗണേഷ് കുമാര്‍

സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്
കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം


തിരുവനന്തപുരം: താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മ ക്ലബ് ആണെന്ന ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കി. ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. 

സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അമ്മ ഒരു ക്ലബ്ബല്ല, ചാരിറ്റബിള്‍ സൊസൈറ്റി ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഏതെങ്കിലും സാഹചര്യത്തില്‍ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ വളരെ വേദന തോന്നി. അമ്മയിലെ അംഗങ്ങള്‍ വാര്‍ധക്യത്തില്‍ കഷ്ടപ്പെടാതെ, താങ്ങും തണവുമാകണമെന്ന ലക്ഷ്യത്തോടെയാണ് അമ്മ സംഘടന തുടങ്ങിയത്. 

ക്ലബ് ആണെന്ന് ഇടേവള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നു. ക്ലബ്ബ് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പുപറയണം. ദിലീപ് രാജിവെച്ചതു പോലെ വിജയ് ബാബുവും രാജിവെക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. 

അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആരോ പൈസ വാങ്ങിച്ചു, പടത്തില്‍ ചാന്‍സ് കിട്ടുമെന്ന് പറഞ്ഞ് സ്വാധീനിച്ചു എന്നെല്ലാം അതിജീവിത ആരോപിക്കുന്നു. ഇതില്‍ അമ്മ നേതൃത്വം മറുപടി നല്‍കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബുവും ഒപ്പമുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. ആരോപണ വിധേയന്‍ നിരവധി ക്ലബുകളിലെ അംഗം എന്ന് അമ്മ ജനറല്‍ സെക്രട്ടറി പറയുന്നത് ആര്‍ക്കു വേണ്ടിയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. 

ഷമ്മി തിലകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ സത്യമാണ്. പലപ്പോഴും നല്‍കുന്ന കത്തുകള്‍ക്ക് ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും മറുപടി നല്‍കാറില്ല. ഇതു മര്യാദയാണോ?. മറുപടി നല്‍കേണ്ടെന്ന് തീരുമാനിക്കുകയാണ്. ഒരു ഓഫീസിലേക്ക് കത്തു നല്‍കിയാല്‍ കിട്ടിയെന്നോ, കിട്ടിയില്ലെന്നോ എങ്കിലും അറിയിക്കേണ്ടതല്ലേ. അമ്മ അമ്മയായി തുടരണം. നടപടി ഷമ്മി തിലകന്‍ ചോദിച്ചു വാങ്ങിക്കുന്നതാണ്. അതിനെ തിലകനുമായി ബന്ധപ്പെടുത്തുകയും വേണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com