ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട് എഎസ്‌ഐ മരിച്ചു; മൃതദേഹത്തിന് കാവലിരുന്ന് വളര്‍ത്തുനായ

മൃതദേഹത്തിന് അടുത്തായി നിന്ന നായ വീട്ടിലേക്ക് ആരേയും കടക്കാൻ അനുവദിച്ചില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


അടിമാലി: റിട്ട എഎസ്ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവന്‍ കാവല്‍നിന്ന് വളര്‍ത്തുനായ. അടിമാലി എസ് എന്‍  പടിയില്‍ കൊന്നയ്ക്കല്‍ കെ കെ സോമൻ(67) ആണ് മരിച്ചത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. 

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സോമന്റെ മരുമകന്‍ ഉമേഷ് വന്ന് നോക്കിയപ്പോഴാണ് മരണം അറിയുന്നത്. ഈ സമയം വരെ വളര്‍ത്തുനായ 'ഉണ്ണി' മൃതദേഹത്തിന് കാവല്‍ നിന്നു. ഉമേഷ് വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും എത്തി. അപ്പോഴും മൃതദേഹത്തിന് അടുത്തായി നിന്ന നായ വീട്ടിലേക്ക് ആരേയും കടക്കാൻ അനുവദിച്ചില്ല.

ഒടുവിൽ നാട്ടുകാരും പൊലീസും വീടിന്റെ പരിസരത്ത് നിന്നും മാറി നിന്നു. ഉമേഷ് ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയപ്പോഴാണ് നായ ശാന്തനായത്. പിന്നാലെ ഉമേഷ് നായയെ ഇവിടെ നിന്ന് മാറ്റിയതോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 10 വര്‍ഷമായി സോമനോടൊപ്പം ഈ വളര്‍ത്തുനായയുണ്ട്. 

ശനിയാഴ്ച വൈകീട്ട് മുതല്‍ സോമനെ ആരും കണ്ടിരുന്നില്ല. ഈ സമയം വളര്‍ത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു. ഞായറാഴ്ചയും ഫോണ്‍ എടുക്കാതായതോടെയാണ് ഉമേഷ് വീട്ടിലേക്ക് എത്തിയത്. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com