ഇപ്പോള്‍ അവതാരങ്ങളുടെ ചാകര; എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല?; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ്?
ഷാഫി പറമ്പില്‍ നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി
ഷാഫി പറമ്പില്‍ നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി


തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍  അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തിന് പ്രത്യേക താല്‍പ്പര്യമില്ല. മടിയില്‍ കനമില്ലെന്നോ വഴിയില്‍ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് രഹസ്യമൊഴിയിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വപ്നയുടെ ആരോപണങ്ങൾ തെറ്റാണെങ്കിൽ മുഖ്യമന്ത്രി  എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ലെന്നു ഷാഫി ചോദിച്ചു. സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ വലിയ സംഘം രൂപീകരിച്ചു വെപ്രാളം കാണിക്കുന്നത് എന്തിനാണ്?. എന്തിനാണ് ധൃതി പിടിച്ച് വിജിലൻസ് ഡയറക്ടറെ മാറ്റിയത്?.

മധ്യസ്ഥനായെത്തിയ ഷാജ് കിരണും വിജിലൻസ് മേധാവിയായിരുന്ന എഡിജിപി അജിത് കുമാറുമായി എന്താണ് ബന്ധം?. അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ്?. തന്റെ ഭരണകാലത്ത് അവതാരങ്ങൾ ഉണ്ടാകില്ലെന്നും, അവതാരങ്ങൾക്കെതിരെ ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാലിപ്പോൾ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരൺ എന്ന അവതാരത്തിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കു വേണ്ടിയല്ല എഡിജിപി അജിത് കുമാർ ഷാജ് കിരണുമായി സംസാരിച്ചതെങ്കിൽ പിന്നെ എന്തിനാണ് പുതിയ തസ്തിക സൃഷ്ടിച്ച് എഡിജിപിക്കു നിയമനം നൽകിയത്?. സ്വപ്നയ്ക്കെതിരെ കേസ് എടുത്ത പൊലീസ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ ഗുരുതരമായ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ കേസ് എടുക്കുന്നില്ല. ആരാണ് ഷാജ് കിരൺ?. ആരാണ് വ്യവസായി ഇബ്രാഹിം? ഇവര്‍ക്കെന്താണ് കേസില്‍ താല്‍പര്യം, എന്തിനാണ് അവര്‍ 164 തിരുത്താന്‍ ശ്രമിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ഷാജ് കിരണിന് പൊലീസ് അവസരമൊരുക്കുകയായിരുന്നുവെന്നും ഷാഫി ആരോപിച്ചു. 

സ്വപ്‌നയ്‌ക്കെതിരേ ജലീല്‍ പരാതി നല്‍കി. അതിന്റെ പേരിൽ പൊലീസ് കേസെടുത്തു. എന്തിനായിരുന്നു സര്‍ക്കാരിന്റെ ആ വെപ്രാളം?സ്വപ്നയുടെ കൂടെയുള്ള സരിത്തിനെ ഫ്ലാറ്റിൽനിന്ന് വിജിലൻസ് പിടിച്ചു കൊണ്ടുപോയി. പാലക്കാട്ടെ വിജിലന്‍സിന് സരിത്തിനെ അറസ്റ്റ് ചെയ്യാന്‍ ആര് അധികാരം കൊടുത്തു? സരിത്തിനെ പിടിച്ചുകൊണ്ടുപോയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രിസഭയിൽ  മറുപടി പറഞ്ഞത്.ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നില്ലെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 

ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി ബാഗ് മറന്നെന്നും അത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ കൊടുത്തയച്ചെന്നും ശിവശങ്കര്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബാഗ് ഒന്നും മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ആരാണ് കള്ളം പറയുന്നത്?മുഖ്യമന്ത്രിയും ഓഫീസുമാണോ അതോ ശിവശങ്കറാണോയെന്നും ഷാഫി ചോദിച്ചു. സ്വപ്ന സുരേഷിന്റെ എൻട്രി പ്രൈസ് വാട്ടർ കൂപ്പേഴ്സ് വഴിയാണെന്ന് കോൺ​ഗ്രസിൻരെ മാത്യു കുഴൽനാടൻ പറഞ്ഞു. സ്വപ്ന ക്ലിഫ് ഹൗസിലെ നിത്യസന്ദർശക ആയിരുന്നു. പിഡബ്യുസി ഡയറക്ടർ തന്റെ മെന്ററാണെന്ന് വീണ വിജയൻ പറഞ്ഞതായും മാത്യു കുഴൽനാടൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com