കൊല നടത്തിയത് ക്വട്ടേഷന്‍ സംഘം, 15 പേരെ തിരിച്ചറിഞ്ഞു, നാലരലക്ഷം പിടിച്ചെടുത്തു: പ്രവാസിയുടെ കൊലപാതകത്തില്‍ പൊലീസ് 

കാസര്‍കോട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്‌സേന
എസ്പി വൈഭവ് സക്‌സേന മാധ്യമങ്ങളോട്
എസ്പി വൈഭവ് സക്‌സേന മാധ്യമങ്ങളോട്

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്‌സേന. ഇതില്‍ കസ്റ്റഡിയിലുള്ള രണ്ടു പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മഞ്ചേശ്വരം സ്വദേശികളായ റഹീം, അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ അബൂബക്കര്‍ സിദ്ദീഖിയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയാണ് റഹീമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ 15 അംഗ സംഘമാണെന്നും എസ്പി അറിയിച്ചു.

സീതാംഗോളി മുഗുറോഡ് സ്വദേശിയാണ് കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖി. ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലില്‍ ക്രൂരമര്‍ദനമേറ്റാണ് പ്രവാസി കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചയാളുമാണ് അറസ്റ്റിലായതെന്ന് വൈഭവ് സക്‌സേന അറിയിച്ചു. മറ്റു പ്രതികളെ പിടികൂടുന്നതിന് തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിന് പിന്നില്‍ 15 അംഗ സംഘമാണ്. സംഭവത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കേസില്‍ 16 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം പിടിച്ചെടുത്തു. ക്വട്ടേഷന്‍ സ്വീകരിച്ച പ്രതിയുടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നും എസ്പി അറിയിച്ചു.

അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും ക്രൂരപീഡനത്തിന് ഇരയായി. തലകീഴായി മരത്തില്‍ കെട്ടിയിട്ട് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ കഴിയുന്ന മുഗു സ്വദേശി അന്‍സാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അന്‍വറിനൊപ്പം അന്‍സാരി ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയില്‍വെച്ചും ബോളംകളയിലെ കാട്ടില്‍വെച്ചും തന്നെ സംഘം മര്‍ദിച്ചതായും അന്‍സാരി പറഞ്ഞു.

പണം എന്തു ചെയ്‌തെന്ന് ചോദിച്ചായിരുന്നു മര്‍ദനം. അതിനിടയില്‍ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിന്‍പുറത്ത് സിദ്ദീഖിനെ മരത്തില്‍ കെട്ടി ഒരുസംഘം മര്‍ദിച്ചു. രാത്രിയായതോടെ പണത്തിന്റെ കാര്യത്തില്‍ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അന്‍സാരിയെയും ഒരു വാഹനത്തില്‍ കയറ്റി പൈവളിഗെയില്‍ ഇറക്കിവിടുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. 1500 രൂപയും സംഘം നല്‍കി. അവിടെനിന്ന് ഓട്ടോയില്‍ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിയുന്നത്. 

പൈവളിഗെ നുച്ചിലയില്‍ പ്രതികള്‍ തങ്ങിയ വീട് പോലീസും വിരലടയാളവിദഗ്ധരം ചൊവ്വാഴ്ച പരിശോധിച്ചു. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പണം തിരിച്ചുപിടിക്കാന്‍ അവര്‍ പൈവളിഗെയില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പൊലീസ് കണക്കുകൂട്ടുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com