തൊണ്ടി സ്പിരിറ്റ് കടത്തി; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട് 60 ദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് ജഡ്ജി ജി ഗോപകുമാര്‍ ഉത്തരവ് നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



തിരുവനന്തപുരം: തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കടത്തിയ സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടു. പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട് 60 ദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് ജഡ്ജി ജി ഗോപകുമാര്‍ ഉത്തരവ് നല്‍കി.

പത്തനംതിട്ട മല്ലപ്പളളി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സാജു, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ സച്ചിന്‍ സെബാസ്റ്റ്യന്‍, എക്‌സൈസ് ഡ്രൈവര്‍ പിജി വിശ്വനാഥന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി പ്രദീപ് കുമാര്‍, എസ്. ഷൈന്‍, ജി പ്രവീണ്‍ എന്നിവര്‍ക്കെതിരെ അഴിമതി, വ്യാജ എഫ്‌ഐആര്‍ ചമയ്ക്കല്‍, വ്യാജ കണക്കുകള്‍ ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ ഗൗരവമേറിയ കുറ്റങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്.

സംഭവത്തില്‍ വിജിലന്‍സ് കേസ് വേണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നികുതി വകുപ്പ് മുഖേന വകുപ്പ്തല നടപടി മതിയെന്നുള്ള വിജിലന്‍സ് എസ്പി കെഇ ബൈജുവിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. എസ്പിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തൊണ്ടിമുതലിന്റെ ദുരുപയോഗം, വ്യാജ എഫ്‌ഐആര്‍ രേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്നും വിജിലന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി പി നാഗരാജ അര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ്.

2018 ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ജില്ല സെഷന്‍സ് കോടതിയില്‍ നിന്ന് തീര്‍ന്ന കേസിലെ തൊണ്ടിമുതലായ സ്പിരിറ്റ് എക്‌സൈസ് ഡിസ്‌പോസല്‍ കമ്മിറ്റി മുമ്പാകെ നശിപ്പിച്ച് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനായി മല്ലപ്പളളി എക്‌സൈസ് റെയ്ഞ്ചിന് കൈമാറി. ഇതാണ് ഓഫിസില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തില്‍ തന്നെ കടത്തിക്കൊണ്ട് പോയത്. ഇത്് മല്ലപ്പള്ളി ടൗണില്‍ വച്ച് ഹര്‍ത്താലനുകൂലികള്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com