30 ലക്ഷം രൂപ പിഴ അടയ്ക്കാനില്ല; ജയിലില്‍ നിന്നും ഇറങ്ങാനാകാതെ മണിച്ചന്‍; കുടുംബം സുപ്രീംകോടതിയിലേക്ക്

മണിച്ചന്‍ അടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പ്രതികളെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ രണ്ടാഴ്ച മുമ്പാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്
മണിച്ചന്‍
മണിച്ചന്‍

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഇപ്പോഴും ജയിലില്‍ തന്നെ. പിഴ ശിക്ഷയായ 30.45 ലക്ഷം രൂപ അടയ്ക്കാനില്ലാത്തതാണ് ചന്ദ്രന്‍ എന്ന മണിച്ചന്റെ മോചനം അനന്തമായി നീളുന്നത്. പിഴശിക്ഷ അടയ്ക്കാത്ത സാഹചര്യത്തില്‍ മണിച്ചന് 22 വര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വരും. മണിച്ചന്‍ അടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പ്രതികളെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ രണ്ടാഴ്ച മുമ്പാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

30 ലക്ഷം രൂപയെന്ന ഭീമമായ തുക സ്വരൂപിക്കാവുന്ന സാമ്പത്തിക സ്ഥിതിയിലല്ലെന്ന് മണിച്ചന്റെ വീട്ടുകാര്‍ പറയുന്നു. മദ്യദുരന്തക്കേസിനെ തുടര്‍ന്ന് തങ്ങളുടെ സമ്പാദ്യവും സ്വത്തുക്കളുമെല്ലാം റവന്യൂ റിക്കവറിയിലൂടെ കണ്ടുകെട്ടി. ശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ചാണ് കോടതികളില്‍ നിയമ പോരാട്ടം നടത്തിയത്. സാമ്പത്തികമായി തകര്‍ന്ന തങ്ങള്‍ക്ക് ഇത്രയും വലിയ തുക അടയ്ക്കാന്‍ ശേഷിയില്ലെന്ന് കുടുംബം പറയുന്നു. 

കേസില്‍ ഇത്രകാലം ജയില്‍ശിക്ഷ അനുഭവിച്ചത് പരിഗണിച്ചും സാമ്പത്തികസ്ഥിതി കണക്കിലെടുത്തും മണിച്ചനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു. പിഴശിക്ഷ എഴുതി തള്ളണമെന്നാണ് ആവശ്യം. ജൂലൈ 11 ന് ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. മദ്യദുരന്ത കേസുമായി ബന്ധപ്പെട്ട് 65 കാരനായ മണിച്ചന്‍ 22 വര്‍ഷമാണ് ജയിലില്‍ കഴിഞ്ഞത്. വീണ്ടും ഇത്രയും കാലം കൂടി ജയിലില്‍ കഴിയണമെന്നാണോ ആവശ്യപ്പെടുന്നതെന്നും വീട്ടുകാര്‍ ചോദിക്കുന്നു. 

സര്‍ക്കാര്‍ മോചന ഉത്തരവിറക്കിയ 33 പേരില്‍ 31 പേര്‍ ജയില്‍ മോചിതനായി. 2003 ലെ കുപ്പണ വിഷമദ്യദുരന്തക്കേസിലെ പ്രതിയായ തമ്പിയും മണിച്ചന്റേതിന് സമാന അവസ്ഥയില്‍ ജയിലില്‍ കഴിയുകയാണ്. 10 ലക്ഷം രൂപ പിഴ അടച്ചാലേ തമ്പിക്കും ജയില്‍ മോചിതനാകാന്‍ കഴിയൂ. 

2000 ഒക്ടോബറിലാണ് കല്ലുവാതുക്കൽ വിഷ മദ്യ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 33പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. അബ്കാരിയായ  മണിച്ചന്റെ ഗോഡൗണില്‍ നിന്ന് എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ മരിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com