അധിക സമയവും ഫോണില്‍, ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നതിന് പിന്നില്‍ ഭാര്യയുടെ സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 08:33 AM  |  

Last Updated: 03rd March 2022 08:33 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം:  പ്രവാസിയായ ഭർത്താവിനെ പാലോട് വീട്ടമ്മ കൊലപ്പെടുത്തിയതിന് പിന്നിൽ ഫോൺ വിളിയെ ചൊല്ലിയുള്ള തർക്കമെന്ന് സൂചന. വിദേശത്ത് നിന്ന് പത്ത് ദിവസം മുൻപ് നാട്ടിലെത്തിയ ഷിജു(37)നെയാണ് ഭാര്യ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷിജുവിൻറെ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന. 

കൊലപാതകം നടന്ന ദിവസം സൗമ്യ ഷിജുവിൻറെ ഫോൺ ഒളിപ്പിച്ച് വച്ചിരുന്നു. വൈകുന്നേരം സൗമ്യ ക്ഷേത്രത്തിൽ പോയപ്പോൾ ഭർത്താവിൻറെ ഫോണും കൊണ്ടുപോയി. എന്നാൽ ക്ഷേത്രത്തിലെത്തി ഷിജു ഫോൺ സൗമ്യയിൽ നിന്ന് ബലമായി പിടിച്ചുവാങ്ങി. ഇതോടെ ഷിജുവിന് മറ്റേതോ സ്ത്രീയുമായി ബന്ധമുണ്ടെന്ന സൗമ്യയുടെ സംശയം വർധിച്ചു. 

ഷിജുവിന് പിന്നാലെ സൗമ്യ വീട്ടിലെത്തിയപ്പോൾ വീടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിനെ കണ്ടു. ആരാണ് ഫോണിലെന്ന പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഷിജു മറുപടി നൽക്കാത്തതിൽ സൗമ്യ പ്രകോപിതയായി. പിന്നാലെ ഷിജുവിന്റെ തലയിൽ സിമൻറ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ഷിജു നിലത്ത് വീണു. പിന്നാലെ അവിടെ ഉണ്ടായ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. തിരികെ ഉത്സവ സ്ഥലത്ത് എത്തിയ സൗമ്യ തന്നെയാണ് സംഭവം ബന്ധുക്കളെ അറിയിച്ചത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. മൂന്ന് മക്കളാണ് ഇവർക്കുള്ളത്