ഭാര്യയെ ശല്യപ്പെടുത്തിയത്‌ ചോദ്യംചെയ്തപ്പോൾ റബർതടികൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റ മറുനാടൻ തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 06:15 AM  |  

Last Updated: 05th March 2022 06:15 AM  |   A+A-   |  

migrant worker killed

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഭാര്യയെ ശല്യപ്പെടുത്തിയതു ചോദ്യംചെയ്തതിന് അയൽക്കാരായ സഹോദരങ്ങൾ ആക്രമിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശിയായ സഹജ്മാൽ ഷേക്ക്‌(34) ആണ് മരിച്ചത്.  തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന സഹജ്മാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഇയാളെ ആക്രമിച്ച കണ്ടല നെല്ലിക്കാട് കുളപ്പള്ളി വീട്ടിൽ ഉദയകുമാർ(48), സഹോദരി ബിന്ദുലേഖ(42) എന്നിവരെ മാറനല്ലൂർ പൊലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. 

സഹജ്മാൽ ഷേക്കും കുടുംബവും മൂന്നു വർഷമായി ഉദയകുമാറിന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയാണ്. ഉദയകുമാർ ഭാര്യയോട് മോശമായി പെരുമാറിയതിനെ സഹജ്മാൽ ചൊവ്വാഴ്ച ചോദ്യംചെയ്തു. തുടർന്ന് ഇവർ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ ബിന്ദുലേഖ റബ്ബർത്തടിയെടുത്ത് സഹജ്മാലിന്റെ തലയ്ക്കടിച്ചുവെന്ന് പൊലീസ് പറഞ്ഞു. 

സഹജ്മാലിന്റെ മൃതദേഹം വള്ളക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. നർഗീഫ് ഷേക്കാണ് മരിച്ച സഹജ്മാൽ ഷേക്കിന്റെ ഭാര്യ. ഷഹാനയാണ് മകൾ.