'ലോട്ടറി അടിച്ചു, സർവീസ് ചാർജ്ജ് 14 ലക്ഷം രൂപ അടയ്ക്കണം': 'ഡിജിപി'യുടെ വാട്സ്ആപ്പ് സന്ദേശം; അധ്യാപികയുടെ പണം തട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 08:22 AM  |  

Last Updated: 06th March 2022 08:22 AM  |   A+A-   |  

fraud case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഡിജിപി അനിൽകാന്തിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശമയച്ച് അധ്യാപികയിൽനിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു. കൊല്ലം കുണ്ടറയിലെ അനിതയ്ക്കാണ് പണം നഷ്ടപ്പെട്ടത്. ഓൺലൈൻ ലോട്ടറി അടിച്ചെന്നും നികുതി അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നുമായിരുന്നു സന്ദേശം. 

ലോട്ടറി അടിച്ചെന്നും പണം കൈമാറുന്നതിനു മുൻപ് സർവീസ് ചാർജായി 14 ലക്ഷം രൂപ നൽകണമെന്നുമാണ് ആദ്യത്തെ സന്ദേശം ലഭിച്ചത്. പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് ഡിജിപി അനിൽകാന്തിന്റെ ഫോട്ടോയും സംസ്ഥാന പൊലീസ് മേധാവി എന്ന പേരും ഉപയോഗിച്ചുള്ള വാട്സ്ആപ്പ് സന്ദേശം എത്തി. അടിച്ച ലോട്ടറി തുകയ്ക്കു നികുതി അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നാണ് ഈ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഡൽഹിയിലുള്ള താൻ തിരികെയെത്തുന്നതിനു മുൻപ് പണം അടയ്ക്കണമെന്നും സന്ദേശത്തിൽ അറിയിച്ചു. 

ഡിജിപിയാണോ എന്നുറപ്പിക്കാൻ അനിത പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചപ്പോൾ അന്നു ഡിജിപി അനിൽകാന്ത് ന്യൂഡൽഹിക്കു പോയെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്കു പണം കൈമാറി. തട്ടിപ്പിന് ഉപയോഗിച്ച നമ്പർ അസം സ്വദേശിയുടെ പേരിലുള്ളതാണ്. ഉത്തരേന്ത്യൻ ലോബിയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിനായി സിറ്റി സൈബർ പൊലീസ് സംഘം ന്യൂഡൽഹിക്കു തിരിച്ചിട്ടുണ്ട്.