ദുരിതപർവം താണ്ടി ജിതിന ആശ്വാസ തീരത്ത്; ഇനി ജീവന്റെ പാതിക്കായി കാത്തിരിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 09:18 AM  |  

Last Updated: 07th March 2022 09:18 AM  |   A+A-   |  

jithina

ജിതിനയും ഭർത്താവ് അഖിലും/ ഫോട്ടോ: എക്സ്പ്രസ്

 

ആലപ്പുഴ: യുക്രൈനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർത്ഥിനി ജിതിന (23) രണ്ടാഴ്ചത്തെ ദുരിതത്തിനൊടുവിൽ നാട്ടിലെത്തി. ജിതിനയുടെ ഭർത്താവ് ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘു (25) യമനിൽ ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ അകപ്പെടുകയും പിന്നീട് മോചിതനായി സൈന്യത്തിന്റെ നിയന്ത്രണത്തിൽ കഴിയുകയാണ്. 

കപ്പലിൽ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖിൽ രഘു. ഭർത്താവുമായി ഫോണിൽ പോലും സംസാരിക്കാൻ കഴിയാതെ ജിതിന ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് യുക്രൈനിൽ യുദ്ധത്തിന് തുടക്കം. 

കീവ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർത്ഥിനായായ ജിതിന ഉൾപ്പെടെയുള്ളവരോട് ബങ്കറിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു. കീവ് കേന്ദ്രീകരിച്ച് യുദ്ധം മുറുകിയതോടെ ട്രെയിനിൽ ലവീവിലേക്ക് രക്ഷപ്പെടാൻ നിർദ്ദേശം വന്നു. 

13 മണിക്കൂർ ട്രെയിനിൽ നിന്ന് യാത്ര ചെയ്താണ് അവിടെ എത്തിയത്. പിന്നീട് ട്രെയിനിൽ അതിർത്തി പ്രദേശമായ ഉഷോദിലേക്ക്. തുടർന്ന് ബസ് മാർ​ഗം ​ഹം​ഗറിയിലെത്തി. അവിടെ താമസ സൗകര്യം ലഭിച്ചു. 

ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. വൈകീട്ട് 7.30ന് ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പിതാവ് ജയകൃഷ്ണൻ, അഖിലിന്റെ പിതാവ് രഘു, അഖിലിന്റെ സഹോദര ഭാര്യ ശിഖ എന്നിവർ വിമാനത്താവളത്തിലെത്തി. 

ഭർത്താവ് അഖിലുമായി കഴിഞ്ഞ മാസം 27നാണ് ഒടുവിൽ സംസാരിച്ചത്. അഖിലിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ജിതിന പറഞ്ഞു.