താലി കെട്ടുന്ന ചിത്രം സ്റ്റാറ്റസാക്കി; തർക്കം, ​ഗായത്രിയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി

നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രി ദേവിയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ പ്രവീൺ ഞായറാഴ്ച ഉച്ചയോടെ പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 

നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ. എന്നാൽ ഇതുതന്നെയാണോ കൊലപാതക കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 

നിലവിൽ വിവാഹിതനായ പ്രവീൺ ​ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആ​ഗ്രഹിച്ചത്. നിലവിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും ​ഗായത്രി അതിന് തയ്യാറായിരുന്നില്ല.

ഗായത്രിയുടെ സമാധാനത്തിനായി 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പളളിയിൽ വച്ച് താലി കെട്ടിയത്. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. പ്രവീണിന്റെ രഹസ്യ ബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ ജ്വല്ലറി ജീവനക്കാരനായ ഇയാളെ സ്ഥാപനം തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ​ഗായത്രി നിർബന്ധം പിടിച്ചു.

ഗായത്രിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വേണ്ടിയാണ് തമ്പാനൂരിൽ മുറിയെടുത്തതെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പക്ഷേ ഇവിടെയെത്തിയ ​ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കുകയും ഇയാൾ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കി അപ്പോൾ തന്നെ രഹസ്യമാക്കി വച്ചിരുന്ന വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായി ​ഗായത്രിയെ കൊല്ലുകായിരുന്നുവെന്നാണ് പ്രവീൺ പൊലീസിനോട് പറഞ്ഞത്. 

ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ഉടൻ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച്  കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. 

നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. 

ഇതോടെ എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നു മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ്നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പാണ് ഇരുവരും കണ്ടത്. തമിഴ്നാട്ടിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. 

ശനിയാഴ്ചയാണ് പ്രവീൺ ഹോട്ടലിൽ മുറിയെടുത്തത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത്. വൈകീട്ട് പ്രവീൺ മുറിയിൽ നിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്. 

107ാം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടൽ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോൾ. ജീവനക്കാർ തിരക്കിയെത്തിയപ്പോൾ മുറി പുറത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com