പോത്തന്‍കോട് കൊലപാതകക്കേസ്; പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കാതെ കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 10:04 PM  |  

Last Updated: 09th March 2022 10:04 PM  |   A+A-   |  

pothancod_murder_ottakam_rajesh

വിഡിയോ സ്ക്രീൻഷോട്ട്

 

തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കാതെ കോടതി. പ്രതിക്കു നല്‍കാനുള്ള പകര്‍പ്പും അനുബന്ധ രേഖകളും ഇല്ലാത്തതിനാലാണ് കുറ്റപത്രം സ്വീകരിക്കാതിരുന്നത്. രേഖകള്‍ അടുത്തദിവസം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നടന്ന് 87-ാം ദിവസമാണ് 150 പേജ് വരുന്ന കുറ്റപത്രം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്. 

കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. വെട്ടിയെടുത്ത കാല്‍പ്പാദം വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങളും 99 സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. 11 പ്രതികളാണ് കേസില്‍. ഡിസംബര്‍ 11ന് ഉച്ചയ്ക്കാണ് ബന്ധുവീട്ടില്‍വച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ ആഹ്ലാദപ്രകടനം നടത്തിയശേഷം റോഡിലേക്കു വലിച്ചെറിഞ്ഞു.