'നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പ്പര്യമില്ല, സുധാകരന്റെ ജീവന്‍ സിപിഎം നല്‍കിയ ഭിക്ഷ'; പ്രകോപന പരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th March 2022 09:23 AM  |  

Last Updated: 09th March 2022 09:23 AM  |   A+A-   |  

cv varghese against k sudhakaran

സി വി വര്‍ഗീസ്, കെ സുധാകരന്‍

 

തൊടുപുഴ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പരാമര്‍ശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പ്പര്യമില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശം.

സിപിഎം എന്ന പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകണം. പിന്നെ പ്രിയപ്പെട്ട കോണ്‍ഗ്രസുകാര് പറയുന്നതെന്താ, കണ്ണൂരില്‍ ഏതാണ്ട് വലിയത് നടത്തി. പ്രിയപ്പെട്ട ഇടുക്കിയിലെ കോണ്‍ഗ്രസുകാരാ നിങ്ങള്‍ കരുതിക്കോ, സുധാകരനെന്ന ഭിക്ഷാംദേഹിക്ക് ഞങ്ങള്‍, സിപിഎം നല്‍കിയ ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്‍. ഇതിലൊരു തര്‍ക്കവും വേണ്ട. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ്. സി വി വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞദിവസം കോണ്‍ഗ്രസുകാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് മൂന്ന് തദ്ദേശസ്ഥാപനങ്ങളില്‍ യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചെറുതോണിയില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ കെ സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതില്‍ സിപിഎമ്മിനെതിരെ സുധാകരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിന് മറുപടിയായി കോണ്‍ഗ്രസിന്റെ കൂറുമാറ്റ രാഷ്ട്രീയത്തിനും സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും എതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തിരുന്നു.  ഇടുക്കിയില്‍ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ പല തവണ രംഗത്തെത്തിയിരുന്നു.