സില്‍വര്‍ ലൈന്‍ പദ്ധതി: ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി രൂപ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 10:35 AM  |  

Last Updated: 11th March 2022 10:41 AM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:   തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ധനവിഹിതത്തിലൂടെയും വിവിധ ഉഭയകക്ഷി കരാറുകളിലൂടെയും തുക കണ്ടെത്താനാണ് ശ്രമിക്കുന്നത്. പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 2000 കോടി രൂപ നീക്കിവെച്ചതായി ബാലഗോപാല്‍ അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം പറഞ്ഞത്.

കെ ഫോണ്‍ സഹായത്തോടെ സംസ്ഥാനത്ത് 2000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 16 കോടി രൂപ നീക്കിവെയ്ക്കും. കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 20ന് പൂര്‍ത്തിയാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി. 

വ്യവസായ നയത്തില്‍ കാതലമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ നീക്കിവെച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനം ഉറപ്പാക്കും. ഇതിനായി സംരഭക മൂലധനഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

എല്ലാ വര്‍ഷവും വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന. വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുട്ടനാട്ടില്‍ നെല്‍കൃഷി  ഉല്‍പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖലയ്ക്ക് 851 കോടി രൂപ നീക്കിവെച്ച് കേരള ബജറ്റ്. റബര്‍ സബ്‌സിഡിക്ക് 500 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഭക്ഷ്യപാര്‍ക്കുകള്‍ക്ക് 100 കോടി രൂപ വകയിരുത്തിയതായും  ബാലഗോപാല്‍ അറിയിച്ചു.

റബര്‍ ഉല്‍പ്പാദനവും വിലയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നെല്‍ കൃഷി വികസനത്തിന് 75 കോടി രൂപ നീക്കിവെയ്ക്കും. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കും. മരീച്ചിനിയില്‍ നിന്ന് മദ്യം ഉല്‍പ്പാദിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിന് ഗവേഷണം നടത്താന്‍ രണ്ടു കോടി രൂപ അനുവദിച്ചതായി ബാലഗോപാല്‍ അറിയിച്ചു. 


10 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി.നെല്ലിന്റെ താങ്ങുവില കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. കിലോയ്ക്ക് 28 രൂപ 20 പൈസയായാണ് വര്‍ധിപ്പിച്ചത്. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ അധിഷ്ഠിതമാക്കും. 

കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. കൊല്ലത്ത് 5ലക്ഷം ചതുരശ്ര അടിയിലാണ് ഐടി പാര്‍ക്ക് വരുക. ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി  രൂപ നീക്കിവെയ്ക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

ഐടി ഇടനാഴി വിപുലീകരിക്കും. എന്‍എച്ച് 66ന് സമാന്തരമായി നാലു ഐടി ഇടനാഴികള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് നാലു സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. രാജ്യാന്തര നിലവാരത്തിലുള്ള 250 ഹോസ്റ്റല്‍ മുറികള്‍ കൂടി സ്ഥാപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി രൂപ നീക്കിവെച്ചു. 14 ജില്ലകളിലും തൊഴില്‍ സംരഭക സെന്ററുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം നേരിടാന്‍ ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിലക്കയറ്റം നേരിടുന്നതിന് വേണ്ടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിനെതിരെ  സമരം ചെയ്യാനാണ് പ്രതിപക്ഷം തയ്യാറായതെന്ന് കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. 

കേരളം കൊടിയ ദുരിതങ്ങളെ അതിജീവിച്ച് തുടങ്ങിയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാന സമ്മേളനം വിളിച്ചുചേര്‍ക്കും. കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഇത് നികുതിവരുമാനത്തില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്.