വിവസ്ത്രയായി ഓടും, ദേഹത്ത് മലം പുരട്ടും; പൊലീസിനെ വെട്ടിക്കാന്‍ തന്ത്രങ്ങള്‍;  സിപ്‌സി അങ്കമാലിയിലെ 'റൗഡി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 10:18 AM  |  

Last Updated: 11th March 2022 10:30 AM  |   A+A-   |  

nora maria's grandmother cipssy

സിപ്‌സി/ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി നോറ മരിയയുടെ അമ്മൂമ്മ സിപ്‌സി അങ്കമാലിയിലെ റൗഡി ലിസ്റ്റിലെ പ്രധാനിയെന്ന് പൊലീസ്. സിപ്‌സിക്കെതിരെ മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെയുണ്ട്. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ ഏകവനിതയായ സിപ്‌സിയുടെ മകന്‍ സജീവും റൗഡി ലിസ്റ്റിലുണ്ട്. 

അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശൂര്‍, എറണാകുളം  തുടങ്ങിയ ഇടങ്ങളിലാണ് ഇവര്‍ക്കെതിരെ കേസുകളുള്ളത്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. വാറന്റുമായി എത്തുമ്പോള്‍ വിവസ്ത്രയായി ഇറങ്ങി ഓടുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ പതിവെന്നും പൊലീസ് പറഞ്ഞു. 

പൊലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പല കുതന്ത്രങ്ങളും ഇവര്‍ പയറ്റും. ദേഹത്ത് മലം പുരട്ടി ഇറങ്ങിയോടുകയും പൊലീസ് സ്റ്റേഷന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മുമ്പ് കൊച്ചിയിലെ പൊലീസ് സ്റ്റേഷന്റെ ഓടുപൊളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതും വന്‍ വാര്‍ത്തയായിരുന്നു. 

പിടിക്കാനെത്തിയ പൊലീസുകാര്‍ ഉപദ്രവിച്ചതായി  നാട്ടുകാരോട് പറഞ്ഞ് പീഡനക്കേസില്‍ കുടുക്കാനും ശ്രമിച്ചിട്ടുണ്ട്. കടകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും, തൃശൂരിലെ സിനിമാ തിയേറ്ററില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചതിനും സിപ്‌സിക്കെതിരെ കേസുണ്ട്. 

കുട്ടികള്‍ക്ക് മാതാപിതാക്കളുള്ളപ്പോള്‍ ഇവരുടെ സംരക്ഷണം എങ്ങനെ മുത്തശ്ശിയുടെ കൈയിലെത്തിയെന്ന് അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. പിതാവ് വീട്ടിലുള്ളപ്പോള്‍ തന്നെ കുട്ടികളെ മുത്തശ്ശി കൊണ്ടു നടന്നതിന്റെ കാരണം അന്വേഷിക്കും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ മുത്തശ്ശിക്കെതിരെ കേസെടുത്തിട്ടില്ല. നിയമോപദേശം കിട്ടിയശേഷമേ ഇക്കാര്യ്തില്‍ തീരുമാനമെടുക്കൂ എന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.