ഒമ്പതു വരെയുള്ള ഓൺലൈൻ ക്ലാസുകൾ 22നകം പൂർത്തിയാകും; പുതിയ സമയക്രമം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 07:44 AM  |  

Last Updated: 15th March 2022 07:44 AM  |   A+A-   |  

kite victers ONLINE CLASS

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  ഒമ്പതുവരെയുള്ള ക്ലാസുകൾക്ക് കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ 22നകം പൂർത്തിയാകും. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾക്ക്  23 മുതൽ പരീക്ഷ തുടങ്ങുന്നതിനാലാണ് തൊട്ടുമുൻപത്തെ ദിവസം ക്ലാസുകൾ അവസാനിക്കുന്നത്.പത്ത്, 12 ക്ലാസുകളുടെ റിവിഷൻ, തത്സമയ സംശയനിവാരണം ഉൾപ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. പ്ലസ് വണ്ണിന് ഇനി  23 മുതലേ  വിക്ടേഴ്സിൽ ക്ലാസുകൾ ഉണ്ടാകൂ. പുതിയ സമയക്രമത്തിലും കൈറ്റ്-വിക്ടേഴ്സിൽ ആദ്യ സംപ്രേഷണവും കൈറ്റ്-വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം പുനഃസംപ്രേഷണവും ആയിരിക്കും.

എട്ടാം ക്ലാസിന് ഇനിമുതൽ രാവിലെ 7.30 മുതൽ നാലു ക്ലാസും (പുനഃസംപ്രേഷണം  അടുത്ത ദിവസം പകൽ രണ്ടിന്‌ ) ഒമ്പതാം ക്ലാസിന് രാവിലെ 9.30 മുതൽ രണ്ട് ക്ലാസും (പുനഃസംപ്രേഷണം പകൽ ഒന്നിന്‌) ആയിരിക്കും. ഏഴാം ക്ലാസിന് രാവിലെ 10.30 മുതലും (പുനഃസംപ്രേഷണം വൈകിട്ട്‌ നാലിന്‌ ) അഞ്ചിന് 11.30 മുതലും (പുനഃസംപ്രേഷണം വൈകിട്ട്‌ അഞ്ചിന്‌) ക്ലാസുകൾ സംപ്രേഷണം ചെയ്യും.ആറാം ക്ലാസുകൾ നേരത്തേ പൂർത്തിയായി. ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകൾക്ക് യഥാക്രമം 4.30, 3.30, 2.00, 12.30 സമയങ്ങളിലാണ് ക്ലാസുകൾ. രണ്ടാം ക്ലാസിന് രണ്ടും മറ്റു ക്ലാസുകൾക്ക് മൂന്നും ക്ലാസുകൾ ദിവസം സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്ത ദിവസം വിക്ടേഴ്സ് പ്ലസിൽ (ഒന്ന് മുതൽ നാല് വരെ) യഥാക്രമം 11.30, 10.30, 9.00, 7.30 എന്നീ സമയങ്ങളിലായിരിക്കും.