വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് തന്നെയെന്ന് സര്‍ക്കാര്‍; സമരവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലീം ലീഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 10:48 AM  |  

Last Updated: 15th March 2022 10:48 AM  |   A+A-   |  

v_abdurahiman

വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ മറുപടി പറയുന്നു/ ചിത്രം സഭ ടിവി

 


തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനാണ് സര്‍ക്കാരിന്റെ  തീരുമാനമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില മതസംഘടനകള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സാവധാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  അതേസമയം സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ്ലീം ലീഗ് എംഎല്‍എ ഉബൈദുള്ള പറഞ്ഞു. 

വഖഫ് ബോര്‍ഡിന്റെ ഒരുതുണ്ട് ഭുമി പോലും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് രൂക്ഷമായ അവസ്ഥയിലാണ് ടാറ്റയുമായി ചേര്‍ന്ന് ആശുപത്രിയുണ്ടാക്കുന്നതിനായി  കാസര്‍കോട് വഖഫ് ബോര്‍ഡിന്റെ ഭൂമി ഏറ്റെടുത്തത്. അതുമായി ബന്ധപ്പെട്ട് പകരം ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനിയലാണ്. വഖഫ് ബോര്‍ഡിന്റെ ഒരുതുണ്ട് ഭുമി പോലും സര്‍ക്കാര്‍ കയ്യേറിയിട്ടില്ല. പക്ഷെ കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയും ഉടുക്കുന്ന സംഘടനകളാണ് വഖഫ് ബോര്‍ഡിന്റെ കുറ്റിക്കാട്ടൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൈമാറിയത്. ആ  ഭൂമി ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. 

വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള പതിനാല് ജില്ലകളിലെയും വഖഫ് വിശദാംശങ്ങള്‍ അടങ്ങുന്ന ലിസ്റ്റ് പൂര്‍ണമായും റവന്യൂ വകുപ്പിനെ അറിയിക്കാന്‍ വഖഫ്‌ബോര്‍ഡിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. അന്യാധീനപ്പെട്ട വഖഫ് വസ്തുക്കളും കൂടാതെ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വഖഫ് വസ്തുക്കളും ശ്രദ്ധയിപ്പെട്ടിട്ടുണ്ടെങ്കില്‍ വഖഫ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പത്രങ്ങളില്‍ പരസ്യം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു