

തൃശൂർ: ഗർഭിണിയായ പശുവിനെ മോഷ്ടിച്ച കേസിൽ കറവക്കാരൻ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി ചാലയ്ക്കൽ രാമമൂർത്തി (41) ആണ് പിടിയിലായത്. പെരുമ്പാവൂർ പുഷ്പഗിരി സ്വദേശിനി വനസ്പതിയുടെ പശുവിനെയാണ് ഇയാൾ മോഷ്ടിച്ചത്.
ഫെബ്രുവരി 15നു പുലർച്ചെയാണു പശുവിനെ കൊണ്ടുപോയത്. കുറച്ചുദൂരം നടത്തിക്കൊണ്ടുപോയതിന് ശേഷം അവിടെ കെട്ടിയിട്ടു. രാത്രിയിലെത്തി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പശുവിനെ റോഡിലൂടെ കൊണ്ടുപോകുന്നതു സമീപ വീട്ടിലെ വിദ്യാർഥി കണ്ടിരുന്നു. രാമമൂർത്തി നേരത്തെ ജോലിനോക്കിയിരുന്ന പെരുമ്പാവൂരിലെ ഫാം ഉടമയ്ക്കു പശുവിനെ വിറ്റ് 48,000 രൂപ വാങ്ങി. ഇതുമായി ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു.
വിശ്വസ്ഥത നടിച്ചാണ് രാമമൂർത്തി ഉടമസ്ഥരെ കബളിപ്പിച്ചിരുന്നത്. 20 വർഷമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ ഇയാൾ കറവക്കാരനായി ജോലിക്കെത്തുന്നുണ്ട്. പശുവിനെ മോഷ്ടിച്ചതു രാമമൂർത്തിയാവാമെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചപ്പോൾ ആദ്യം വനസ്പതിക്കും വിശ്വസിച്ചില്ല. പിന്നീട് പൊലീസ് പശുവിനെ കണ്ടെത്തി. ഇതിനിടെ പശു പ്രസവിച്ചിരുന്നു. പശുവിനെയും കിടാവിനെയും പൊലീസ് വനസ്പതിക്കു തിരിച്ചുനൽകി. പ്രതി പെരുമ്പാവൂരിൽ തിരിച്ചെത്തുമെന്ന ധാരണയിൽ പൊലീസ് നിരീക്ഷണമേർപ്പെടുത്തിയിരുന്നു. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാമമൂർത്തി തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
