കോവിഡിന്റെ ലക്ഷണങ്ങള്‍, ഹാജരാകാന്‍ സാവകാശം തേടി സായ്ശങ്കര്‍; തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച ഐ-മാക് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 11:37 AM  |  

Last Updated: 18th March 2022 12:01 PM  |   A+A-   |  

Dileep's case

കേസിലെ മുഖ്യപ്രതി ദിലീപ്/ഫയല്‍

 

കൊച്ചി: വധഗൂഡാലോചനക്കേസിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. കോവിഡിന്റെ ലക്ഷണങ്ങളുണ്ട്. അതിനാല്‍ പത്തുദിവസത്തെ സാവകാശം വേണമെന്ന് സായ്ശങ്കര്‍ ക്രൈംബ്രാഞ്ചിന് മറുപടി നല്‍കി. കേസിലെ പ്രതിയായ ദിലീപിന്റെ മൊബൈല്‍ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിനാണ് സായ് ശങ്കറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചത്. 

വധഗൂഡാലോചനക്കേസില്‍ പ്രതി ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ടു ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും ഇയാള്‍ ഇതിനായി മുറിയെടുത്തിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസില്‍ പ്രതിയാക്കുമെന്നാണ് സൂചന. 

സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്‌ലാറ്റുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ ചില വിവരങ്ങള്‍ സായ്ശങ്കറിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ മുമ്പേ തന്നെ നശിച്ചുപോയെന്ന് ദിലീപ് കോടതിയെ അറിയിച്ച ഫോണിലെ ചില നിര്‍ണായക വിവരങ്ങളാണ് സായ് ശങ്കറിന്റെ പക്കലുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. 

തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് നല്‍കിയ ഫോണുകളില്‍ നിന്നും മായ്ച്ചു എന്ന് അവകാശപ്പെട്ട വിവരങ്ങള്‍ സായ്ശങ്കര്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്തു വെച്ചിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

രാമൻപിള്ളയെ ചോദ്യം ചെയ്യുന്നതിൽ ഉടൻ തീരുമാനം

അതിനിടെ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോഗിച്ച് ഐ മാക് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു. വധഗൂഢാലോചനക്കേസില്‍ അഡ്വ. രാമന്‍പിള്ള അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ അറിയിച്ചു. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ദീലിപിനെ ഫോണ്‍ ചെയ്തതും അന്വേഷിക്കുന്നതായി എസ്പി അറിയിച്ചു.