മാടപ്പള്ളിയില്‍ ഇന്നലെ സ്ഥാപിച്ച മൂന്ന് കെ റെയില്‍ സര്‍വേകല്ലുകള്‍ പിഴുതുമാറ്റി; യുഡിഎഫ് നേതാക്കള്‍ സംഭവസ്ഥലത്തേക്ക് 

ചങ്ങനാശേരി മാടപ്പള്ളിയില്‍ ഇന്നലെ സ്ഥാപിച്ച കെ റെയില്‍ സര്‍വേകല്ലുകള്‍ കാണാനില്ല
കെ റെയില്‍ സര്‍വേകല്ല് പിഴുതുമാറ്റിയ നിലയില്‍
കെ റെയില്‍ സര്‍വേകല്ല് പിഴുതുമാറ്റിയ നിലയില്‍

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ ഇന്നലെ സ്ഥാപിച്ച കെ റെയില്‍ സര്‍വേകല്ലുകള്‍ കാണാനില്ല. മൂന്ന് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. കല്ലിടലിനെതിരെ നാട്ടുകാര്‍ ഇന്നലെ നടത്തിയ പ്രതിഷേധം പൊലീസ് നടപടിയില്‍ കലാശിച്ചിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ വിവരം പുറത്തുവന്നത്.

ഇന്നലെ പ്രതിഷേധത്തിനിടെ സര്‍വേകല്ലുകള്‍ പിഴുതുമാറ്റുമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞിരുന്നു. ഇന്നലെ രാത്രിയോടെയാണ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടി ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍

സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇത് കണ്ട് കുട്ടികള്‍ നിലവിളിച്ചത് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസും നാട്ടുകാരും തമ്മില്‍ വലിയ തോതിലുള്ള വാക്കുതര്‍ക്കത്തിനാണ് പ്രദേശം സാക്ഷിയായത്.

അതിനിടെ സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിക്ക് പിന്തുണ അറിയിച്ച് യുഡിഎഫ് നേതാക്കള്‍ മാടപ്പള്ളി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടങ്ങുന്ന സംഘമാണ് മാടപ്പള്ളി സന്ദര്‍ശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com