പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ക്രൂരമര്‍ദ്ദനം; യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 08:09 AM  |  

Last Updated: 19th March 2022 08:09 AM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തൃക്കൊടിത്താനം സ്വദേശി അനീഷ് (38) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പായിപ്പാട് കൊച്ചുപള്ളിക്ക് സമീപമായിരുന്നു സംഭവം. 

ഭര്‍തൃമാതാവും പിതാവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണു പായിപ്പാട് സ്വദേശിനിയായ 26 കാരി  ആക്രമണത്തിനിരയായത്. ഭര്‍ത്താവു ജോലിക്കു പോയിരുന്നു. വീടിനു പിന്നില്‍ വാഷിങ് മെഷീനില്‍ വസ്ത്രം കഴുകുന്നതിനിടെ കോളിങ് ബെല്‍ അടിക്കുന്നതു കേട്ടു മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറന്നു. അപരിചിതനെക്കണ്ട് വാതില്‍ അടച്ച് അകത്തേക്കു കയറിപ്പോയി. 

വീണ്ടും വസ്ത്രം കഴുകുന്ന പണിയിലേര്‍പ്പെട്ടു. ഇതിനിടെ പിന്‍വശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. കുതറി മാറി അകത്തേക്ക് ഓടിക്കയറി വാതിലടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്നു യുവതിയുടെ മുഖത്ത് ഇടിച്ചു. യുവതിയെ അടിവയറ്റില്‍ തൊഴിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും നെഞ്ചില്‍ കൈ കൊണ്ടു കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. ഇതോടെ യുവതിയുടെ ബോധം നഷ്ടമായി. 

വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍, ശരീരത്തില്‍ മര്‍ദനമേറ്റ് അവശനിലയിലും വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലുമാണു യുവതിയെ കണ്ടത്. ഇവരുടെ കഴുത്തിലെ മാല പറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കുട്ടിയെ അങ്കണവാടിയിലാക്കുന്നതിന് പോയ സമയത്ത് പ്രതിയെ യുവതി കണ്ടിരുന്നു. യുവതി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ വീട്ടിലെത്തി ഉപദ്രവിച്ചത്.