ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 06:52 AM  |  

Last Updated: 19th March 2022 06:52 AM  |   A+A-   |  

Jebi mather is the Congress' Rajya Sabha candidate

ജെബി മേത്തര്‍/ ഫെയ്‌സ്ബുക്ക്

 


തിരുവനന്തപുരം: അഡ്വ. ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകാരം നല്‍കി. 

സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നുപേരുടെ പട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് നല്‍കി. ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. 

ജെബി മേത്തര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം

മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്. സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്‌സഭയിലും മുസ്ലീം വിഭാഗത്തില്‍നിന്ന് എംപിയില്ല. 

ജെബി മേത്തര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം

എ കെ ആന്റണി അടക്കം മൂന്ന് രാജ്യസഭാംഗങ്ങളാണ് കേരളത്തില്‍ നിന്നും വിരമിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഇടതുമുന്നണിക്കും ഒരെണ്ണം യുഡിഎഫിനും ലഭിക്കും. ആന്റണിയുടെ ഒഴിവിലുള്ള സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുകയായിരുന്നു. സിപിഎം എ എ റഹിമിനെയും സിപിഐ പി സന്തോഷ് കുമാറിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നു. ഇവര്‍ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. ഈ മാസം 31 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.