ചോറ്റാനിക്കരയില്‍ പ്രതിഷേധം രൂക്ഷം; സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവെച്ചു; സര്‍വേക്കല്ല് പിഴുത് തോട്ടിലെറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 10:54 AM  |  

Last Updated: 19th March 2022 11:26 AM  |   A+A-   |  

protest against k rail survey

കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം/ ടിവി ദൃശ്യം

 

കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവെച്ചു. ഇന്ന് സര്‍വേ നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ചോറ്റാനിക്കരയില്‍ സര്‍വേ നടത്തി കല്ലുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 

സര്‍വേ തടയുക ലക്ഷ്യമിട്ട് അനൂപ് ജേക്കബ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺ​ഗ്രസ്, യുഡ്എഫ് പ്രവർത്തകർ ചോറ്റാനിക്കരയില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ജെയ്‌സണ്‍ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി റീസ് പുത്തന്‍വീടന്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധസമരത്തിനെത്തി.

ബിജെപി പ്രവര്‍ത്തകരും കെ റെയില്‍ സര്‍വേക്കെതിരെ പ്രതിഷേധിക്കാനായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവാങ്കുളം മാമലയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ സമരക്കാര്‍ പിഴുതെറിഞ്ഞു. സര്‍വേക്കല്ല് പിഴുത് കാനയിലെറിഞ്ഞു.

ഏതു ദിവസം സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയാലും തടയുമെന്നും, ജനങ്ങളുടെ സമരത്തിന്റെ ചൂട് സര്‍ക്കാര്‍ അറിയുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനിടെ മാമലയില്‍ സംഘര്‍ഷമുണ്ടായിരുന്നു.