ആവശ്യക്കാരന്‍ എന്ന വ്യാജേന ഫോണിലൂടെ ബന്ധപ്പെട്ടു, ക്രിമിനല്‍ കേസ് പ്രതി കഞ്ചാവുമായി പിടിയില്‍; ചാലക്കുടിയില്‍ മയക്കുമരുന്ന് വേട്ട 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 07:35 PM  |  

Last Updated: 23rd March 2022 07:35 PM  |   A+A-   |  

DRUG CASE

സൂരജ്

 

തൃശൂര്‍: ചാലക്കുടിയില്‍ മയക്കുമരുന്ന് വേട്ട. പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നുമായി എണ്ണൂറ് ഗ്രാമോളം കഞ്ചാവും മൂന്ന് ഗ്രാമോളം എംഡിഎംഎയും പിടികൂടി. കേസില്‍ മേച്ചിറ കണ്ണംപടത്തി റോഡില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന ചെമ്പകശേരി വീട്ടില്‍ സൂരജ് (30) പിടിയിലായി. ഏഴോളം ക്രിമിനല്‍ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയായ സൂരജിനെ ആവശ്യക്കാരന്‍ എന്ന വ്യാജേന ഫോണിലൂടെ ബന്ധപ്പെട്ടാണ് പൊലീസ് കുടുക്കിയത്. ആവശ്യപ്പെട്ടതനുസരിച്ച് കഞ്ചാവ് നല്‍കാന്‍ പോകവേയാണ് സൂരജ് വലയിലായത്.

ചാലക്കുടി -വെള്ളിക്കുളങ്ങര റോഡില്‍ താഴൂര്‍ പള്ളിക്ക് സമീപം താമര കൃഷിക്ക് പാട്ടത്തിനെടുത്ത സ്ഥലത്തെ ഷെഡില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. ഇവിടെയുണ്ടായിരുന്ന യുവാവ് പൊലീസ് സംഘം വരുന്നത് കണ്ട് ഓടി രക്ഷപെട്ടിരുന്നു. ഇയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിയാരം തൃപ്പാപ്പിള്ളി സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ജെഫിന്‍ പാട്ടത്തിനെടുത്തതാണ് പ്രസ്തുത സ്ഥലം.

പോട്ട പനമ്പിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും മറ്റും വ്യാപകമായി മയക്കുമരുന്നും മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആഴ്ചകളായി ഈ പ്രദേശങ്ങളില്‍ നിഴല്‍ പൊലീസ് ശക്തമായ നിരിക്ഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് പ്രദേശത്തെ മുഖ്യ വില്‍പനക്കാരനായ സൂരജിനെ പ്രത്യേകം നിരീക്ഷിച്ച് മയക്കുമരുന്ന് പിടികൂടിയത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്‌ഗ്രേ ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം വ്യാജ മദ്യത്തിന്റേയും- മയക്കുമരുന്നിന്റേയും നിര്‍മ്മാണത്തിനും വിതരണത്തിനുമെതിരായി നടത്തുന്ന പ്രത്യേക പരിശോധനയില്‍ ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് സന്ദീപുമാണ് നേതൃത്വം നല്‍കിയത്.

പിടിയിലായ സൂരജിനെ വൈദ്യപരിശോധനയും മറ്റും നടത്തി കോടതിയില്‍ ഹാജരാക്കും.ഓടിപ്പോയ യുവാവിനെക്കുറിച്ചും മയക്കുമരുന്നുകളുടെ സ്രോതസുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.