'മനുഷ്യനല്ലേ തെറ്റു പറ്റിക്കൂടേ', പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് മന്ത്രി സജി ചെറിയാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 01:29 PM  |  

Last Updated: 23rd March 2022 01:54 PM  |   A+A-   |  

saji cheriyan

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് മന്ത്രി സജി ചെറിയാന്‍. കോടിയേരി എന്താണോ പറഞ്ഞത് അതാണ് ശരി. തനിക്ക് തെറ്റുപറ്റിയതാകാമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. 

മന്ത്രി അറിഞ്ഞിട്ടല്ലേ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഡിപിആര്‍ നോക്കൂ.., ഏതായാലും മനുഷ്യനല്ലേ തെറ്റു പറ്റിക്കൂടെ എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. 

സില്‍വര്‍ ലൈനിന് ബഫര്‍ സോണ്‍ ഇല്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ വാദം തള്ളി, സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കോടിയേരി വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്‍ പറഞ്ഞതല്ല, കെറെയില്‍ എം ഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മന്ത്രിയെ തിരുത്തി കെ റെയില്‍ എംഡി തന്നെ രംഗത്തുവന്നു. സില്‍വര്‍ ലൈനിന് ഇരുഭാഗത്തുമായി ഇരുപതു മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്നാണ് എംഡി വി അജിത് കുമാര്‍ വ്യക്തമാക്കിയത്. ഇതില്‍ അഞ്ചു മീറ്ററില്‍ നിര്‍മാണം അനുവദിക്കില്ല. ശേഷിച്ച അഞ്ചു മീറ്ററില്‍ നിര്‍മാണത്തിന് അനുമതി തേടണമെന്നും അജിത് കുമാര്‍ അറിയിച്ചു.