'മന്ത്രിയല്ല, എംഡിയാണ് ശരി'; സില്‍വര്‍ ലൈനില്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 10:30 AM  |  

Last Updated: 23rd March 2022 10:30 AM  |   A+A-   |  

kodiyeri

കോടിയേരി /ഫയല്‍

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതല്ല, കെ-റെയില്‍ എംഡി പറഞ്ഞതാണ് ശരിയെന്ന് കോടിയേരി പറഞ്ഞു.

സില്‍വര്‍ ലൈനിന് ബഫര്‍ സോണ്‍ ഇല്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഇതു തിരുത്തി കെ റെയില്‍ എംഡി തന്നെ രംഗത്തുവരികയും ചെയ്തു. സില്‍വര്‍ ലൈനിന് ഇരുഭാഗത്തുമായി ഇരുപതു മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്നാണ് എംഡി വി അജിത് കുമാര്‍ വ്യക്തമാക്കിയത്. ഇതില്‍ അഞ്ചു മീറ്ററില്‍ നിര്‍മാണം അനുവദിക്കില്ല. ശേഷിച്ച അഞ്ചു മീറ്ററില്‍ നിര്‍മാണത്തിന് അനുമതി തേടണമെന്നും അജിത് കുമാര്‍ അറിയിച്ചു. 

പദ്ധതിക്കായി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. ഹൈക്കോടതി അനുമതി നല്‍കിയ പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സില്‍വര്‍ ലൈന്‍ സര്‍വേ തടയാന്‍ കോണ്‍ഗ്രസ് കരുതല്‍ പട രൂപീകരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കോടിയേരിയുടെ പ്രതികരണം ഇങ്ങനെ: '' എല്ലാ പടയും വരട്ടെ'' പൊലീസ് സംയമനം പാലിക്കുന്നതു കൊണ്ടാണ് കൂടുതല്‍ നടപടികളിലേക്കു പോവാത്തത്. 

ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി മുമ്പ് യുഡിഎഫ് കല്ലിട്ടിരുന്നുവെന്നും അന്ന് എല്‍ഡിഎഫ് ഒരു എതിര്‍പ്പും ഉയര്‍ത്തിയിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.