അപകടകരമായി വാഹനം ഓടിച്ച് വിദ്യാര്‍ഥി ആഘോഷം; ക്രിസ്ത്യന്‍ കോളജില്‍ ബൈക്കില്‍ കാറിടിച്ചു; എംഇഎസില്‍ ജെസിബി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 03:14 PM  |  

Last Updated: 24th March 2022 03:14 PM  |   A+A-   |  

SEND_OFF

ക്രിസ്ത്യന്‍ കോളജ് വളപ്പിലെ സെന്‍ഡ് ഓഫ് ആഘോഷത്തിന്റെ വീഡിയോ ദൃശ്യം

 

കോഴിക്കോട്: കോഴിക്കോട് അപകടകരമായി വാഹനം ഓടിച്ച് വിദ്യാര്‍ഥികള്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ഹയര്‍സെക്കന്‍ഡറിയിലെ കുട്ടികളുടെ സെന്‍ഡ്ഓഫ് ആഘോഷത്തിനിടെയാണ് കാര്‍ ബൈക്കില്‍ ഇടിച്ച് തെറിപ്പിച്ചത്. മുക്കം എംഇസ് ഹയര്‍സെക്കന്‍ഡറിയില്‍ ജെസിബിയില്‍ കയറിയായിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് കേസ് എടുത്തു. രണ്ടുവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാര്‍ഥികളുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ സെന്‍ഡ് ഓഫ് ആഘോഷങ്ങളുടെ ഭാഗമായിയിരുന്നു കോളജ് ഗ്രൈണ്ടില്‍ ബൈക്ക് റേസിങ്ങ്. അതിനിടെ ഗ്രൗണ്ടില്‍ റേസിങ്ങ് നടത്തുന്ന കാര്‍ കുട്ടികളുടെ വാഹനം ഇടിച്ചു തെറിപ്പിക്കുകായായിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

വാഹനം ഓടിച്ചവര്‍ ലൈസന്‍സുള്ളവരാണെങ്കില്‍ ആറ് മാസത്തേക്ക് അവരുടെ ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കും, കൂടാതെ 25,000 രൂപ പിഴ ഈടാക്കും. ഈ കുട്ടികള്‍ക്ക് 25 വയസുവരെ ലൈസന്‍സ് നല്‍കില്ലെന്നും ആര്‍ടിഒ അറിയിച്ചു.

മുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും സംയുക്തമായാണ് പരിപാടി നടത്തിയത്. ഇവിടെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഈ രണ്ട് സ്‌കൂളുകളെയും കൂടാതെ ജില്ലകളിലെ മറ്റ് ഇടങ്ങളിലും ഇത്തരം പരിപാടികള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.