കേരളം സര്‍ക്കാരിനോട് പൊറുക്കില്ല; ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ടി പത്മനാഭന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 08:10 PM  |  

Last Updated: 25th March 2022 08:10 PM  |   A+A-   |  

T_PADHMNABHAN

ഐഎഫ്എഫ്‌കെ വേദിയില്‍ ടി പത്മനാഭന്‍ സംസാരിക്കുന്നു

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു

26 കൊല്ലം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ് ഇത്. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവം ആയിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ സംവിധാനം ചെയ്തു എന്നതുകൊണ്ട് മാത്രമല്ല താനിത് പറയുന്നത്. ഇതിന്റെ ഉദ്ഘാടനദിവസം താന്‍ എന്റെ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കി ഇരിക്കുകയായിരുന്നു. അഭൂതപൂര്‍വമായ കാഴ്ചയാണ് അന്ന് കണ്ടത്. അപരാചിതയായ ഒരുപെണ്‍കുട്ടി. ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത പെണ്‍കുട്ടിയെ രഞ്ജിത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. കാണികള്‍ക്ക് അത് അത്ഭുതമായിരുന്നു. അവര്‍ക്ക് ലഭിച്ചത് നിലയ്ക്കാത്ത കരഘോഷമായിരുന്നു. അതുകൊണ്ട് മാത്രമാണ് താന്‍ പറയുന്നത് ഇത് സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന ചലച്ചിത്ര മേളയായിരുന്നെന്ന് ടി പത്മനാഭന്‍ പറഞ്ഞു

അവരുടെ കേസിലേക്ക് ഒന്നും താന്‍ ഇപ്പോള്‍ പോകുന്നില്ല. താന്‍ നിയമം പഠിച്ചവനാണ്. തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റു. എത്രവലിയനവായാലും ഒരുതരത്തിലുള്ള ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല.
നമ്മുടെ കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് പലവിഷയത്തിലും മുന്നിലാണ്. ഇപ്പോഴും മുന്നിലേക്കുള്ള ആ ്പ്രയാണം തുടരുകയാണ്. എങ്കിലും പലരംഗങ്ങളിലും പ്രത്യേകിച്ചും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷ ഈ വിഷയത്തില്‍ നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടേ? എന്ന് ആലോചിക്കേണ്ട സമയമാണിത്. സിനിമയുടെ വിവിധ മേഖലകളില്‍ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് കിട്ടുന്ന പരിചരണം എന്താണ്?.  ഈ അപരാജിതയുടെ കേസ് വന്നതിന് ശേഷമാണ് കുറെയൊക്കെ ലോകത്തിന് മുന്നില്‍ വന്നത്. ഇനിയും കുറെ വരാനുണ്ടാവും. 

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഇതിലും വലിയ ദുര്‍ഘടങ്ങളെയൊക്കെ നിഷ്പ്രയാസം തരണം ചെയ്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു