സ്വകാര്യനിമിഷങ്ങള്‍ മൊബൈല്‍ഫോണ്‍ ഗ്യാലറിയില്‍ വേണ്ട; മുന്നറിയിപ്പുമായി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 09:30 PM  |  

Last Updated: 28th March 2022 09:30 PM  |   A+A-   |  

mobile

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രതാനിര്‍ദേശം.

ആവശ്യപ്പെടുന്ന അനുമതികളെല്ലാം സമ്മതിച്ച് നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഇതുവഴി നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

പൊലീസിന്റെ കുറിപ്പ്

സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ ശ്രദ്ധിക്കുക. ആവശ്യപ്പെടുന്ന  അനുമതികള്‍ എല്ലാം സമ്മതിച്ച്  നമ്മള്‍ പല  ആപ്പുകളും ഫോണില്‍   ഇന്‍സ്ടാള്‍ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ  വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.   
മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ തന്നെ  നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍,  ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം.