സര്‍ക്കാരിന് ആശ്വാസം; സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം; ഹര്‍ജി സുപ്രീം കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 01:01 PM  |  

Last Updated: 28th March 2022 01:02 PM  |   A+A-   |  

supreme-court

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. 

സില്‍വര്‍ ലൈന്‍  പദ്ധതിക്കായി സര്‍വേ നടത്തുന്നത് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സര്‍വേ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ആലുവ സ്വദേശി സുപ്രീം കോടതിയെ സമീപിച്ചത്.