'ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അമ്മാമ ഇവിടെ താമസിക്കും'; ഉറപ്പുമായി മന്ത്രി സജി ചെറിയാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2022 12:32 PM |
Last Updated: 29th March 2022 12:32 PM | A+A A- |

മന്ത്രി സജി ചെറിയാന്‍ വീടു കയറി വിശദീകരിക്കുന്നു/ വീഡിയോ ദൃശ്യം
ആലപ്പുഴ: ചെങ്ങന്നൂരില്‍ സമരക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിച്ചു. മന്ത്രി സജി ചെറിയാന്‍ നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പിഴുതെറിഞ്ഞ കല്ലുകള്‍ തിരികെ സ്ഥാപിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞത്.
ഈ തങ്കമ്മാമയ്ക്ക് ഒരു കുഴപ്പോമില്ല. അമ്മാമ എങ്ങും പോകണ്ട. ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അമ്മാമ ഇവിടെ താമസിക്കും. ഇല്ലെങ്കില്‍ അപ്പുറത്തു മാറി ഇതിനേക്കാള്‍ നല്ല വീടുവെച്ച് താമസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. എങ്ങും പോകണ്ട. ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടല്ലോ. പിണറായി വിജയനില്‍ വിശ്വാസമുണ്ടല്ലോ. ഒന്നും പേടിക്കണ്ട. വാക്കുപറഞ്ഞാല്‍ മാറുന്നവനല്ല താനെന്നും സജി ചെറിയാന്‍ പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ വാക്കു പറഞ്ഞാല്‍ മാറില്ല. നിങ്ങളെ ആളുകള്‍ വന്ന് ഇളക്കുകയാണെന്നും മന്ത്രി പറഞ്ഞു. അമ്മാമയുടെ പടം പത്രങ്ങളില്‍ വന്നു എന്ന് മന്ത്രിയോടൊപ്പമുള്ളയാള്‍ പറഞ്ഞപ്പോള്‍, അമ്മാമ കേരളം മൊത്തം അറിയപ്പെട്ടു എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വരും. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരിലെ 20 വീടുകള്‍ കയറിയാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.